
കൊല്ലം: മടിയന്മാരായ കോൺഗ്രസ് നേതാക്കളെ സ്ഥാനത്ത് നിന്നു മാറ്റുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. കുപ്പണയിൽ സാമൂഹ്യ വിരുദ്ധർ തകർത്തതിന് പകരം നിർമ്മിച്ച തോപ്പിൽ രവി സ്തൂപത്തിന്റെ അനാച്ഛാദനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മടിയന്മാരായ നേതാക്കളെ പാർട്ടിക്ക് ആവശ്യമില്ല. ഡി.സി.സി പ്രസിഡന്റുമാരുടെ പ്രവർത്തനവും വിലയിരുത്തും. തൃപ്തികരമല്ലെങ്കിൽ അവരെയും നീക്കും. കോൺഗ്രസ് തിരിച്ചു വരണം. അതിന് നേതൃത്വം തയ്യാറാകണം. ഇനിയും കോൺഗ്രസ് സ്തൂപങ്ങൾ പൊളിച്ചാൽ തിരിച്ചടിക്കുമെന്നും സി.പി.എമ്മിന്റെ സ്തൂപങ്ങൾ മാറ്റാൻ ധൈര്യമുള്ളവർ കോൺഗ്രസിലുണ്ടെന്നും സുധാകരൻ പറഞ്ഞു.
കോൺഗ്രസ് തൃക്കടവൂർ വെസ്റ്റ് മണ്ഡലം പ്രസിഡൻറ് സായ് ഭാസ്കർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം.ഷെഫീർ, ഡി.സി.സി പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, യൂത്ത് കോൺഗ്രസ് നേതാവ് എം. ലിജു, ഐ.എൻ.ടി.യു.സി നേതാവ് ചന്ദ്രശേഖരൻ, സൂരജ് രവി, ടി.യു. രാധാകൃഷ്ണൻ, മുൻ കൗൺസിലർ അനിൽ കുമാർ, കുറ്റിയിൽ ഷാജി തുടങ്ങിയവർ പങ്കെടുത്തു.