
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശോധന ഇന്നും തുടരും. ഭക്ഷ്യ സുരക്ഷാ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായാണ് പരിശോധന നടത്തുന്നത്. ഹോട്ടലുകളും മറ്റ് ഭക്ഷണ വിൽപ്പനശാലകളും പരിശോധിക്കും.
ഭക്ഷ്യ വസ്തുക്കൾ, ലൈസൻസ്, രജിസ്‌ട്രേഷൻ എന്നിവയാണ് പരിശോധിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസങ്ങളായി നടത്തിയ പരിശോധനയിൽ വീഴ്ച കണ്ടെത്തിയ 110 കടകൾ ഭക്ഷ്യ സുരക്ഷാ വകുപ്പ് പൂട്ടിച്ചിരുന്നു. രജിസ്‌ട്രേഷൻ ഇല്ലാത്ത 61 കടകളും വൃത്തിഹീനമായ 49 കടകളും ഇക്കൂട്ടത്തിലുണ്ട്. 1132 പരിശോധനകളാണ് നടത്തിയത്. 347 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 140 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു.
കാസർകോട് ഷവർമ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാർത്ഥിനി മരിച്ചതിന് പിന്നാലെയാണ് സംസ്ഥാന വ്യാപക പരിശോധന നടത്തുന്നത്. പെൺകുട്ടി ഷവർമ കഴിച്ച ഐഡിയൽ കൂൾബാറിനും ഇവർക്ക് കോഴിയിറച്ചി നൽകുന്ന ബദരിയ ചിക്കൻ സെന്ററിനും ഭക്ഷ്യസുരക്ഷാ ലൈസൻസ് ഇല്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.