
ഭൂമിശാസ്ത്രമോ ജ്യോതിശാസ്ത്രമോ ഒന്നും മറിയക്കുട്ടി കാര്യമായി പഠിച്ചിട്ടില്ല. പഴയ എട്ടാം ക്ളാസ്. വലിയ കൂട്ടുകുടുംബത്തിൽ വന്ന ശേഷം സ്നേഹബന്ധങ്ങളിലും സേവനത്തിലും ഡോക്ടറേറ്റ് എടുത്തെന്ന് ഭർത്താവ് ആന്റണി വല്ലപ്പോഴും പ്രശംസിക്കുമായിരുന്നു. വെളുത്തു സുന്ദരനായ ആന്റണിക്കൊപ്പം പോകുമ്പോൾ നിറം കുറഞ്ഞ മറിയയെ നോക്കി അർത്ഥം വച്ച് ചിരിക്കുമായിരുന്നു ചിലർ. മറിയ അതു കാര്യമാക്കാറില്ല. എല്ലാവരോടും സ്നേഹപൂർവം പെരുമാറ്റം. വലിയവരെന്നോ ചെറിയവരെന്നോ ഉള്ള ഭേദമില്ല. വീട്ടിൽ വന്നാൽ വെള്ളമെങ്കിലും കൊടുത്തേ വിടൂ. കല്യാണം കഴിഞ്ഞ് രണ്ടുവർഷം കഴിഞ്ഞപ്പോഴേക്കും മറിയയാണ് ഗ്രാമത്തിന്റെ ഐശ്വര്യമെന്ന് ആളുകൾ പറയാൻ തുടങ്ങി.രാവിലെ ഉണർന്നെണീറ്റ് മുഖം കഴുകി മുറ്റത്തിറങ്ങുമ്പോൾ ഭൂമിയെ തൊട്ടുകണ്ണിൽ വയ്ക്കും. പിന്നെ കിഴക്കേദിക്കിൽ ഇതൾവിരിയുന്ന വെളിച്ചത്തെ കൈകൂപ്പും. ഞായറാഴ്ചകളിൽ കൃത്യമായി പള്ളിയിൽ പോയിരിക്കും. ഭൂമിയില്ലെങ്കിൽ ദൈവവും ദേവാലയവുമുണ്ടോ? വെളിച്ചം വരുമ്പോഴല്ലേ ദൈവത്തിന്റെ പുഞ്ചിരി തെളിഞ്ഞുവരൂ. ഭൂമിയിൽനിന്ന് ക്ഷമയും സഹനവും സൂര്യനെക്കണ്ട് കൃത്യനിഷ്ഠയും പരിശീലിക്കണമെന്നാണ് മറിയയുടെ വാദഗതി.
കുടുംബാംഗങ്ങൾ ഒത്തുകൂടുമ്പോഴും അവരുമൊത്ത് അല്പം ലഹരി സേവിക്കുമ്പോഴും ഭാര്യയുടെ നിറക്കുറവിനെ ആന്റണി ആദ്യമൊക്കെ സൂചിപ്പിക്കുമായിരുന്നു. മറിയയാകട്ടെ അപ്പോഴും ഒരു ഭാവഭേദവുമില്ലാതെ പുഞ്ചിരിച്ചുനിൽക്കും. തന്റെ സൗന്ദര്യത്തിൽ മറിയ ഭ്രമിച്ചെന്നും അയാൾ കളിയാക്കുമായിരുന്നു. കേൾവിക്കാരിൽ ചിലർ അതാസ്വദിക്കുമെങ്കിലും മുത്തശ്ശി ആന്റണിയെ ശാസിക്കുമായിരുന്നു. ആന്റണിയുടെ കണ്ണിന്റെ കുഴപ്പം കൊണ്ടാണ് മറിയയുടെ യഥാർത്ഥ വെള്ള കാണാനാകാത്തതെന്നും അവർ കുറ്റപ്പെടുത്തും. വാർദ്ധക്യവും രോഗാവസ്ഥയും വരുമ്പോഴേ പങ്കാളിയുടെ യഥാർത്ഥ സ്നേഹവും സൗന്ദര്യവും തിരിച്ചറിയാനാകൂ എന്ന് ബൈബിളിൽ പറഞ്ഞിട്ടുണ്ടെന്നും മുത്തശ്ശി തട്ടിവിടും. അങ്ങനെ പറഞ്ഞിട്ടുണ്ടോ പഴയ നിയമത്തിലോ പുതിയ നിയമത്തിലോ ഏതു പേജിൽ എന്നൊക്കെ സംശയം ചോദിക്കുമ്പോൾ മുത്തശ്ശി മറിയയെ നോക്കി കണ്ണിറുക്കും.
മറിയയുടെയും ആന്റണിയുടെയും അമ്പതാം വിവാഹവാർഷികം കുടുംബത്തിലെ വലിയ ആഘോഷമായിരുന്നു. മറിയ വന്നു കേറിയശേഷമാണ് കുടുംബത്തിൽ സൗഭാഗ്യങ്ങൾ പെരുകിയതെന്ന് ഒരു വശം അല്പം തളർന്ന മുത്തശ്ശി വീൽചെയറിലിരുന്ന് ആശംസിച്ചതു കേട്ട് എല്ലാവരും കൈയടിച്ചു. കൈപിടിച്ച് പങ്കാളിയെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നത് ഒരു സ്നേഹക്കരാറാണ്. ആണായാലും പെണ്ണായാലും രോഗാവസ്ഥയിൽ പങ്കാളിയെ സ്നേഹപൂർവം പരിചരിക്കുന്നവർക്ക് സ്വർഗം കിട്ടുമെന്ന് ബൈബിളും പറയുന്നുണ്ടല്ലോ - മുത്തശ്ശിയുടെ വാക്കുകൾ കേട്ട് സ്നേഹപൂർവം ചിലർ സന്ദേഹിച്ചു: മുത്തശ്ശി ഏതു പേജിൽ പഴയ നിയമത്തിലോ പുതിയ നിയമത്തിലോ. മുത്തശ്ശിയും വിട്ടില്ല. എന്നെ പഠിപ്പിച്ച ശ്രീധരൻനായർ സാർ പറഞ്ഞിട്ടുണ്ട്. വലിയ പണ്ഡിതനായിരുന്നു. വേദങ്ങളും പുരാണങ്ങളും ബൈബിളും ഖുർ ആനുമൊക്കെ അരച്ചുകലക്കിക്കുടിച്ച മഹാൻ. അദ്ദേഹത്തിന്റെ ഒരു വാക്യവും മുത്തശ്ശി ഈണത്തിൽ ചൊല്ലി. ഭൂതകാലം പോയതുമില്ലെടോ, ഭാവികാലം വന്നിട്ടുമില്ലെടോ. ഇല്ലാത്ത വർത്തമാനകാലത്തെ രണ്ടും കൂട്ടി തിന്നങ്ങു തീർത്തെടോ. മറിയക്കുട്ടിയുടെ കൈയിലെ പാതി തിന്ന കേക്ക് ചോദിച്ചുവാങ്ങി മുത്തശ്ശി തിന്നിട്ട് ആ കൈവിരലുകളിൽ മുത്തമിട്ടു.
ഫോൺ: 9946108220