
വക്കം ബി. ഗോപിനാഥൻ രചിച്ച 'ഒരു കൃഷി ഉദ്യോഗസ്ഥന്റെ ഡയറിക്കുറിപ്പുകൾ" കുസൃതിയായ ഒരു കുട്ടിയുടെ വളർച്ചയും ഒൗദ്യോഗിക മണ്ഡലവും കുടുംബജീവിതവും ഒരു കണ്ണാടിയിൽ എന്നോണം വ്യക്തമാക്കിത്തരുന്ന രചനയാണ്. സത്യസന്ധമായി എഴുതിയിട്ടുള്ള ഇൗ കൃതിയിൽ വർണ്ണചിത്രമോ അതിഭാവുകത്വമോ ഒന്നും ദർശിക്കാനാവില്ല. പ്രകൃതിയെ ആസ്വദിക്കാൻ വ്യാഖ്യാതാവിന്റെ ആവശ്യമില്ലല്ലോ. അതുപോലെ അദ്ദേഹത്തിന്റെ സ്മരണയിലൂടെ അനുവാചകന് സുഗമമായി കടന്നുപോകാം. ഒൗദ്യോഗിക ജീവിതത്തിന് മുൻതൂക്കം നൽകിയ അദ്ദേഹം പുതിയ പദ്ധതികൾക്ക് രൂപം നൽകുന്നതിലും ഏറ്റെടുക്കുന്നതിലും വിജയിച്ചു. കരീപ്ര പഞ്ചായത്തിൽ അത്യുല്പാദനശേഷിയുള്ള 'ജയ" കൃഷി ചെയ്യാൻ കർഷകർ മടിച്ചപ്പോൾ അത് ഏറ്റെടുത്ത് വിജയിപ്പിച്ച് കാണിക്കാൻ അദ്ദേഹം കാട്ടിയ ചങ്കൂറ്റം ആരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്ന സംഭവമാണ്. 1969- ൽ സംസ്ഥാനത്തെ ഏറ്റവും മികച്ച ഗ്രാമമായി കരീപ്ര പഞ്ചായത്തിനെ തിരഞ്ഞെടുത്തപ്പോൾ ഗോപിനാഥൻ എന്ന കൃഷി ഉദ്യോഗസ്ഥന്റെ തലയിൽ ഒരു പൊൻതൂവൽ അദൃശ്യശക്തി ചൂടുകയായിരുന്നു. കുടുംബ ജീവിതത്തെപ്പറ്റിയും ചെറിയ രേഖാചിത്രങ്ങൾ ആസ്വാദകന് നൽകുന്നുണ്ട് . സ്നേഹം അന്യംനിന്ന് പോകുന്ന ഇൗ കാലഘട്ടത്തിൽ ബന്ധങ്ങളുടെ ഉൗഷ്മളത വായനക്കാരിൽ സുഖവും ദുഃഖവും പ്രദാനം ചെയ്യുന്നു.