nand-mulchandani

ന്യൂയോർക്ക്: അടുത്തിടെയാണ് അമേരിക്കൻ ഇന്റലിജൻസ് ഏജസിയായ സി ഐ എയുടെ (Central Intelligence Agency) ആദ്യ ചീഫ് ടെക്‌നോളജി ഓഫീസറായി ഇന്ത്യൻ വംശജൻ നന്ദ് മുൽചന്ദാനിയെ നിയമിച്ചത്. സി ഐ എ ഡയറക്ടർ വില്യം ജെ ബേൺസാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

നന്ദ് തങ്ങൾക്കൊപ്പം ചേരുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും, അദ്ദേഹത്തിന്‍റെ അനുഭവസമ്പത്ത് സി ഐ എയ്ക്കു മുതൽക്കൂട്ടാകുമെന്നും പറഞ്ഞുകൊണ്ടാണ് വില്യം ജെ. ബേൺസ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ചീഫ് ടെക്‌നോളജി ഓഫീസറായി സി ഐഎയിൽ ചേരാൻ കഴിഞ്ഞതിൽ താൻ അഭിമാനിക്കുന്നുവെന്ന് നന്ദ് പ്രതികരിച്ചു.

#CIA Director William J. Burns appoints Nand Mulchandani as CIA's first Chief Technology Officer (CTO).

With more than 25 years of experience, Mr. Mulchandani will ensure the Agency is leveraging cutting-edge innovations to further CIA's mission.

— CIA (@CIA) April 29, 2022

ആരാണ് നന്ദ് മുൽചന്ദാനി?


ഡൽഹിയിലായിരുന്നു നന്ദ് മുൽചന്ദാനി സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ബ്ലൂബെൽസ് സ്‌കൂൾ ഇന്റർനാഷണലിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, അമേരിക്കയിലെ കോർണൽ യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിലും ഗണിതത്തിലും ബിരുദം നേടി. ശേഷം അദ്ദേഹം സ്റ്റാൻഫോർഡിൽ നിന്ന് മാനേജ്‌മെന്റിൽ മാസ്റ്റർ ഒഫ് സയൻസ് ബിരുദം, ഹാർവാർഡിൽ നിന്ന് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും സ്വന്തമാക്കി.

സി ഐ എയിൽ ചേരുന്നതിന് മുമ്പ് യുഎസ് ഡിപ്പാർട്ട്‌മെന്റ് ഒഫ് ഡിഫൻസിന്റെ ജോയിന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സെന്ററിന്റെ സിടിഒയും ആക്ടിംഗ് ഡയറക്ടറുമായിരുന്നു നന്ദ് മുൽചന്ദാനി.


നന്ദ് മുൽചന്ദാനിക്ക് സിലിക്കൺ വാലിയിൽ ജോലി ചെയ്ത് 25 വർഷത്തിലേറെ പരിചയമുണ്ടെന്നും നിരവധി വിജയകരമായ സ്റ്റാർട്ടപ്പുകളുടെ സഹസ്ഥാപകനാണ് അദ്ദേഹമെന്നും ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.

nand-mulchandani

എന്താണ് സെൻട്രൽ ഇന്റലിജൻസ് ഏജൻസി ( സി ഐ എ)

1947ലാണ് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി ഐ എ സ്ഥാപിതമായത്. സി ഐ എ ഒരു യുഎസ് സർക്കാർ ഏജൻസിയാണ്. ഇത് എക്സിക്യൂട്ടീവ് ബ്രാഞ്ചിനുള്ളിലെ ഒരു സ്വതന്ത്ര സിവിലിയൻ ഇന്റലിജൻസ് ഏജൻസിയാണ്. വിദേശ രാജ്യങ്ങളെയും ആഗോള പ്രശ്നങ്ങളെയും കുറിച്ച് വസ്തുനിഷ്ഠമായ വിവരങ്ങൾ ശേഖരിച്ച്,​ അപഗ്രഥിച്ച് പ്രസിഡന്റിനും മറ്റ് നയരൂപകർത്താക്കൾക്കും ഉപദേശം നൽകുക എന്നതാണ് സി ഐ എയുടെ പ്രധാന ലക്ഷ്യം. ഡയക്ടർ ഒഫ് സെൻ‌ട്രൽ ഇന്റലിജൻസ് ആണ് സി ഐ എ യുടെ തലവൻ. ഇതാദ്യമായാണ് സി ഐ എ ചീഫ് ടെക്നോളജി ഓഫീസറെ നിയമിക്കുന്നത്.


സി ഐ എയും ഫെഡറൽ ബ്യൂറോ ഒഫ് ഇൻവെസ്റ്റിഗേഷനും തമ്മിലുള്ള വ്യത്യാസമെന്ത്?

ഫെഡറൽ ബ്യൂറോ ഒഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) യുഎസ് ഡിപ്പാർട്ട്‌മെന്റ് ഒഫ് ജസ്റ്റിസിന് കീഴിൽ പ്രവർത്തിക്കുന്നു. രാജ്യത്തെ ആഭ്യന്തര പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നു. യുഎസിലെ തീവ്രവാദം തടയലും ഫെഡറൽ നിയമം നടപ്പിലാക്കലുമാണ് എഫ് ബി ഐയുടെ ലക്ഷ്യം. കൊലപാതകങ്ങൾ, അന്തർസംസ്ഥാന കുറ്റകൃത്യങ്ങൾ, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കേസുകൾ അന്വേഷിക്കുന്നതിന് (ആവശ്യമെങ്കിൽ) എഫ്ബിഐ സഹായവും നൽകുന്നു.

സി ഐ എ ഒരു സ്വതന്ത്ര ഏജൻസിയാണെങ്കിലും, ചാരന്മാരെക്കുറിച്ചും മറ്റുമുള്ള രഹസ്യ വിവരങ്ങൾ ശേഖരിക്കുന്നതിനായി അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്നു. രണ്ടും യുഎസ് ഇന്റലിജൻസ് കമ്മ്യൂണിറ്റിയിലെ അംഗങ്ങളാണ്.