pathanamthitta

പത്തനംതിട്ട: ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ആളുടെ മൃതദേഹം വെള്ളക്കെട്ടിൽ കണ്ടെത്തി. പന്തളം കുന്നിക്കുഴിയിലാണ് സംഭവം.മുട്ട വർഗീസ് എന്ന് വിളിപ്പേരുള്ള മങ്ങാരം സ്വദേശി വർഗീസ് ഫിലിപ്പ് ആണ് മരിച്ചത്. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കുന്നിക്കുഴി ജംഗ്‌ഷന് സമീപമുള്ള തോട്ടിൽ രാവിലെ ഏഴ് മണിയോടെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. കമഴ്ന്ന് കിടന്നതിനാൽ ആളെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. പൊലീസ് എത്തി മൃതദേഹം പരിശോധിച്ചതിന് ശേഷമാണ് മരിച്ചത് വർഗീസ് ആണെന്ന് സ്ഥിരീകരിച്ചത്.

വർഗീസും നാട്ടുകാരിൽ ചിലരും തമ്മിൽ കഴിഞ്ഞ ദിവസം രാത്രി വാക്കുതർക്കവും അടിപിടിയും നടന്നിരുന്നു. സംഘർഷത്തിൽ വർഗീസിന്റെ സഹോദരനുൾപ്പടെ പരിക്കേറ്റിരുന്നു. ഇക്കാരണത്താലാണ് മരണം കൊലപാതകമാണോയെന്ന് പൊലീസ് സംശയിക്കുന്നത്. വിരലടയാള വിദഗ്ദ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.