ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളെ ഏറെ പൊട്ടിച്ചിരിപ്പിച്ചു കൊണ്ടിരിക്കുന്ന താരമാണ് ഇന്നസെന്റ്. അഭിമുഖങ്ങളിലൊക്കെ രസകരമായ ഒട്ടനവധി സംഭവങ്ങൾ താരം തുറന്ന് പറയാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു രസകരമായ സംഭവം പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് ഇന്നസെന്റ്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

'സിനിമയിൽ അവസരത്തിനായി അലഞ്ഞിരുന്ന കാലം. മദ്രാസിലെ ഉമാ ലോഡ്‌ജിലായിരുന്നു താമസം. അന്ന് അവസരത്തിനായി ആളുകളുടെ ഓഫീസിലും വീടുകളിലുമൊക്കെ സ്ഥിരമായി പോകും. ലോ‌‌ഡ്‌ജിൽ നിന്ന് പോകേണ്ട ഇടങ്ങളിലേയ്ക്ക് നടക്കും. വ്യായാമത്തിനല്ല, ബസ് കൂലിയ്ക്കുള്ള പെെസ പോലും കെെയിൽ എടുക്കാനില്ല. ഊണ് കഴിക്കാൻ പോലും പെെസ ഇല്ലാതിരുന്ന കാലം. രാമു കാര്യാട്ടിന്റെ ഓഫീസിലൊക്കെ അവസരത്തിനായി പോയി ഇരിക്കും.

ഒരിക്കൽ തിരിച്ച് വരുന്ന വഴി ഒരു കാമാത്തിപുരത്തുകാരി 'വാങ്കേ' എന്ന് പറഞ്ഞ് വിളിച്ചു. വേശ്യാവൃത്തി ചെയ്‌ത് ജീവിക്കുന്ന ആളുകളാണ്. കൂടെ കിടക്കാൻ വിളിക്കുന്നതാണ്. രണ്ട് രൂപ, മൂന്ന് രൂപ ഒക്കെ ആണ് ചോദിക്കുന്നത്. ഇവരെന്തിനാണ് വിളിക്കുന്നതെന്ന് പിന്നീട് റൂമിലുള്ളവർ പറഞ്ഞപ്പോഴാണ് മനസിലായത്.

പിന്നീടൊരിക്കൽ നടന്നു പോയപ്പോൾ വീണ്ടും ആളുകൾ 'ഇങ്ക വാങ്കേ' എന്നൊക്കെ വിളിച്ചു. കെെയിൽ 15 പെെസ ഇല്ലാതെ, ഊണ് കഴിക്കാതെ നടന്ന് തളർന്ന ഞാൻ ഇവര് വിളിക്കുന്നത് കേട്ട് ചിരിച്ചു പോയി. എന്തിനാ ചിരിക്കുന്നെ എന്ന് ചോദിച്ച് ആളുകൾ കൂടി. ഒടുവിൽ അടി കിട്ടാതിരിക്കാൻ ഞാൻ ചിരി ഒന്ന് കൂട്ടി ഭ്രാന്ത് അഭിനയിച്ചു. വട്ടാണെന്ന് കരുതി അവർ എന്നെ തല്ലാതെ വിട്ടു. അഭിനയം കൊണ്ട് ചില സമയങ്ങളിൽ ഗുണങ്ങളുണ്ടാകും' - ഇന്നസെന്റ് പറഞ്ഞു.

അഭിമുഖത്തിന്റെ പൂർണരൂപം കാണാം...

innocent