
ബെർലിൻ: ബീഫിന്റെ ഉപഭോഗം 20 ശതമാനം കുറച്ചാൽ 2050ഓടെ വനനശീകരണം പകുതിയായി കുറയ്ക്കാൻ സാധിക്കുമെന്ന് പഠനം. മാംസത്തിന് ബദലായി ഉപയോഗിക്കാവുന്ന, ഫെർമെന്റേഷനിലൂടെ നിർമിക്കുന്ന മൈക്രോബിയൽ പ്രോട്ടീൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തി ബീഫ് കഴിക്കുന്നത് നിയന്ത്രിക്കണമെന്നും പഠനത്തിൽ പറയുന്നു. ജർമ്മനിയിലെ കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച് പഠനം നടത്തുന്ന പോട്‌സ്‌ഡാം എന്ന സ്ഥാപനത്തിന്റേതാണ് കണ്ടെത്തൽ.
ലോകമൊട്ടാകെ വനനശീകരണത്തിനുള്ള പ്രധാന കാരണങ്ങളിലൊന്ന് കന്നുകാലികളെ വളർത്തുന്നതാണ്. കന്നുകാലികൾക്ക് മേയുന്നതിനായി കാർബൺ ശേഖരിച്ചു വച്ചിരിക്കുന്ന അനേകം കാടുകൾ ഇതിനോടകം വെട്ടിത്തെളിച്ചു കഴിഞ്ഞു. ഇത് കാർബൺ ഡൈ ഓക്‌സൈഡിനേക്കാൾ ശക്തമായ ഹരിതഗൃഹ വാതകം വർദ്ധിക്കുന്നതിന് കാരണമാവുന്നു. അതിനാൽ ബീഫിന്റെ ഉപയോഗം 20 ശതമാനം കുറച്ചാൽ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കാൻ സാധിക്കുമെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.
ആഗോള വ്യാപകമായി ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നതിന്റെ മൂന്നിലൊരു കാരണം മനുഷ്യരുടെ ഭക്ഷണ രീതികളാണെന്നും മാംസം ഉത്പാദനമാണ് ഇതിൽ പ്രധാനപ്പെട്ടതെന്നും ഒരു ഗവേഷകൻ വ്യക്തമാക്കി. ഇതിന് പകരമായി ചുവന്ന മാംസത്തിന്റെ ഘടനയും രുചിയുമുള്ള മൈക്രോബിയൽ പ്രോട്ടീൻ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണെന്നും പഠനത്തിൽ പറയുന്നു. ബിയർ, ബ്രെഡ് തുടങ്ങിയ വസ്തുക്കൾ സംസ്കരിച്ചാണ് മൈക്രോബിയൽ പ്രോട്ടീൻ നിർമിക്കുന്നത്. 1980കളിലാണ് ഇത് ആദ്യമായി നിർമിക്കുന്നത്. മാംസത്തിന് പകരം മൈക്രോബിയൽ പ്രോട്ടീൻ ഉപയോഗിക്കുന്നത് നിലവിലെ ബീഫ് ഉത്പാദനത്തിന്റെ ദോഷകരമായ പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിനുള്ള മികച്ച തുടക്കമായിരിക്കുമെന്നും പോട്‌സ്‌ഡാം ഗവേഷകർ പറയുന്നു.