
ബംഗളൂരു: ഉച്ചയൂണ് കഴിഞ്ഞ് ഒരിത്തിരി നേരം മയങ്ങുന്നത് നമ്മുടെ നാട്ടിൽ പലരുടെയും പതിവാണ്. എന്നാൽ ഓഫീസിൽ ജോലിസ്ഥലത്ത് എങ്ങനെയാ ഉറങ്ങുക? ഇനിയിപ്പോ അതും നടക്കും. ബംഗളൂരുവിലെ ഒരു സ്‌റ്റാർട്ട് അപ്പ് കമ്പനി ഉച്ചയ്‌ക്ക് അരമണിക്കൂർ സമയം എല്ലാ ജീവനക്കാർക്കും മയങ്ങാൻ അനുവദിച്ചു.
വേക്‌ഫിറ്റ് സൊലൂഷൻസ് എന്ന കമ്പനിയാണ് ഉച്ചയൂണ് കഴിഞ്ഞ് രണ്ട് മുതൽ രണ്ടര വരെ ജീവനക്കാർക്ക് മയങ്ങാൻ സമയം അനുവദിച്ചത്. വ്യാഴാഴ്‌ച കമ്പനി വിവരം അറിയിച്ച് ഇട്ട ട്വീറ്റ് ഇതിനകം ശ്രദ്ധേയമായിട്ടുണ്ട്. നാസ നടത്തിയ പഠനത്തിൽ 26 മിനുട്ട് മയക്കം മനുഷ്യന്റെ പ്രവർത്തനങ്ങൾ 33 ശതമാനം വർദ്ധിപ്പിക്കുമെന്ന് കണ്ടെത്തിയതായാണ് വേക്‌ഫിറ്റ് സ്ഥാപകൻ ചൈതന്യ രാമലിംഗെഗൗഡ പറയുന്നത്. സാമൂഹ്യ മനശാസ്‌ത്രജ്ഞനായ ജെയിംസ് മാസ് ഉച്ചയുറക്കത്തെ പവർ നാപ് എന്നാണ് വിശേഷിപ്പിച്ചത്. വളരെ വേഗം ഒരു മനുഷ്യനെ ഉന്മേഷവാനാക്കാൻ ഇത്തരം ഉറക്കത്തിലൂടെ സാധിക്കുന്നു. ജീവനക്കാർക്ക് ഉറക്കത്തിന് സഹായിക്കുന്ന സ്വച്ഛന്തമായ മുറിയും മറ്റും വൈകാതെ ഓഫീസിൽ സ്ഥാപിക്കുമെന്നും കമ്പനി അറിയിച്ചു.
Official Announcement 📢 #sleep #powernap #afternoonnap pic.twitter.com/9rOiyL3B3S— Wakefit Solutions (@WakefitCo) May 5, 2022