
തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെയും ഭക്ഷ്യസുരക്ഷ വകുപ്പിന്റെയും നേതൃത്വത്തിലുള്ള പരിശോധന തുടരുന്നതിനിടയിലും ഹോട്ടലുകളിലെ വൃത്തിഹീനമായ അന്തരീക്ഷത്തിന് മാറ്റമില്ല. ഇന്നും സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ നടത്തിയ പരിശോധനയിൽ നിരവധി ഹോട്ടലുകൾ പൂട്ടിച്ചു. പഴകിയ ഭക്ഷണം പിടികൂടിയ സ്ഥലങ്ങളിൽ ആശുപത്രി കാന്റീനും ഹോസ്റ്റൽ മെസും ഉൾപ്പെടും.
തിരുവനന്തപുരം, എറണാകുളം, ഇടുക്കി, പാലക്കാട്, കാസർകോട് എന്നീ ജില്ലകളിലാണ് പരിശോധന നടത്തിയത്. ഇവിടങ്ങളിലെ നിരവധി ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണവും മത്സ്യവും മാംസവും അധികൃതർ പിടിച്ചെടുത്തു.
തിരുവനന്തപുരം നെടുമങ്ങാടുള്ള സ്വകാര്യ ആശുപത്രി കാന്റീനിൽനിന്നും ആശുപത്രിയിലെ ഹോസ്റ്റൽ മെസ്സിൽനിന്നും 25 കിലോ പഴകിയ മത്സ്യം പിടികൂടി. ഇവിടെനിന്നും പഴകിയ എണ്ണയും പൊറോട്ടയും പരിശോധനയിൽ കണ്ടെത്തി.
നെടുമങ്ങാട് ടൗണിലെ ബാർ ഹോട്ടലുകളിൽനിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. തിരുവനന്തപുരം നഗരത്തിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച ഒരു ഹോട്ടൽ പൂട്ടുകയും ചെയ്തു.
കൊച്ചിയിൽ ദേശീയപാതയോരത്തെ ഹോട്ടലുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഒരുമാസത്തോളം പഴക്കമുള്ള ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. ചില ഹോട്ടലുകളിൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്നും കണ്ടെത്തി.