sri-lanka

കൊളംബോ : സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധി അതിരൂക്ഷമായി തുടരുകയും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ ശ്രീലങ്കയിൽ ജനരോഷം തണുപ്പിക്കാൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സ ഉടൻ രാജിവച്ചേക്കുമെന്ന് സൂചന. വെള്ളിയാഴ്ച പ്രസിഡന്റ് ഗോതബയ രാജപക്സയുടെ നേതൃത്വത്തിൽ ചേർന്ന പ്രത്യേക ക്യാബിനറ്റ് യോഗത്തിൽ ഗോതബയ തന്നെ മഹിന്ദയോട് രാജി ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഏതാനും മന്ത്രിമാരും ഗോതബയയെ പിന്തുണച്ചതോടെ താൻ രാജിയ്ക്ക് തയാറാണെന്ന് മഹിന്ദ അറിയിച്ചെന്നും തിങ്കളാഴ്ച രാജി പ്രഖ്യാപനം ഉണ്ടായേക്കുമെന്നും ക്യാബിനറ്റ് യോഗവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഏതാനും ശ്രീലങ്കൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

രാജ്യത്ത് പ്രതിസന്ധി ഉയരുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയ്ക്കും സർക്കാരിനും ജനരോഷം മറികടന്ന് ഇനിയും രാജിവയ്ക്കാതെ പിടിച്ചുനിൽക്കാനാകില്ലെന്ന് ഗോതബയ പറഞ്ഞെന്നാണ് വിവരം. എന്നാൽ, സർക്കാർ രാജിവച്ചാൽ പ്രശ്ന പരിഹാരമാവില്ലെന്ന് മഹിന്ദ ചൂണ്ടിക്കാട്ടി. മന്ത്രിമാരായ ദിനേഷ് ഗുണവർദ്ധന, വിമലവീര ദിസനായകെ എന്നിവരും മഹിന്ദയെ പിന്തുണയ്ക്കുന്നുണ്ട്. എന്നാൽ, പ്രസന്ന രണതുംഗ ഉൾപ്പടെ ഏതാനും മന്ത്രിമാർ സർക്കാർ രാജിവയ്ക്കണമെന്ന നിലപാട് യോഗത്തിൽ ഉന്നയിച്ചു.

ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് തന്റെ രാജി പരിഹാരമാണെങ്കിൽ പ്രധാനമന്ത്രി പദമൊഴിഞ്ഞ് പ്രതിപക്ഷത്തിരിക്കാൻ തയാറാണെന്ന് മഹിന്ദ ഒടുവിൽ വ്യക്തമാക്കിയെന്നാണ് റിപ്പോർട്ട്. എന്നാൽ, രാജിവയ്ക്കുമെന്നോ ഗോതബയ രാജി ആവശ്യപ്പെട്ടെന്നോ മഹിന്ദ മാദ്ധ്യമങ്ങളോട് സമ്മതിച്ചിട്ടില്ല. അതേ സമയം, പ്രസിഡന്റ് ഗോതബയയെ പുറത്താക്കി രാജ്യത്തെ എക്സിക്യൂട്ടീവ് പ്രസിഡൻസി സംവിധാനം അവസാനിപ്പിക്കുന്നതടക്കം നിലവിലെ പ്രതിസന്ധികളെ തരണം ചെയ്യാൻ ലക്ഷ്യമിട്ട് ശ്രീലങ്കൻ ബാർ അസോസിയേഷൻ മുന്നോട്ട് വച്ച നിർദ്ദേശങ്ങളെ പിന്തുണയ്ക്കുമെന്ന് പ്രധാന പ്രതിപക്ഷ പാർട്ടിയായ എസ്.ജെ.ബി അറിയിച്ചു.

നിർദ്ദേശങ്ങൾ അനുസരിച്ച് രൂപീകരിക്കുന്ന ഇടക്കാല സർക്കാരിനെ പിന്തുണയ്ക്കുമെന്നും അവ‌ർ അറിയിച്ചു. നിലവിൽ ഗോതബയയ്ക്കും മഹിന്ദയ്ക്കുമെതിരെ പാർലമെന്റിൽ അവിശ്വാസ പ്രമേയങ്ങൾ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് എസ്.ജെ.ബി. അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് ഭരണ മുന്നണിയിൽ നിന്ന് രാജിവച്ച് പാർലമെന്റിൽ സ്വതന്ത്രമായി തുടരുന്ന ശ്രീലങ്കൻ ഫ്രീഡം പാർട്ടിയും ഇന്നലെ അറിയിച്ചു.