
കോഴിക്കോട്: ദുരൂഹ സാഹചര്യത്തിൽ ദുബയിൽ മരിച്ച വ്ളോഗറും ആൽബം താരവുമായ പാവണ്ടൂർ സ്വദേശി റിഫ മെഹ്‌നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി വീണ്ടും കബറടക്കി. മെഡിക്കൽ കോളേജ് ഫോറൻസിക് മേധാവി ഡോ.ലിസ ജോണിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘമാണ് പോസ്റ്റ്മോർട്ടം നടത്തിയത്. വൈകിട്ട് അഞ്ചരയോടെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കബറടക്കിയ പാവണ്ടൂർ ജുമാമസ്ജിദ് കബർസ്ഥാനിൽ പോസ്റ്റ്മോർട്ടം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചത്. എന്നാൽ മൃതദേഹം വലിയ തോതിൽ അഴുകാത്തതിനാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. പൊലീസ് അറിയിച്ചതുപ്രകാരം ജുമാമസ്ജിദ് അധികൃതർ പോസ്റ്റ്മോർട്ടത്തിനായി സൗകര്യം ഒരുക്കിയിരുന്നു.
രാവിലെ 11 മണിയോടെ കോഴിക്കോട് ആർ.ഡി.ഒ, കോഴിക്കോട് തഹസിൽദാർ, കേസ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന താമരശ്ശേരി ഡിവൈ.എസ്.പി അഷറഫ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് മൃതദേഹം പുറത്തെടുത്തത്.
മാർച്ച് ഒന്നിനാണ് ദുബയ് ജാഫിലിയയിലെ ഫ്ളാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മാർച്ച് നാലിനാണ് മൃതദേഹം റിഫയുടെ സ്വദേശമായ പാവണ്ടൂരിലെത്തിച്ച് കബറടക്കിയത്. മകൾ ആത്മഹത്യ ചെയ്യാൻ സാദ്ധ്യതയില്ലെന്നും ഭർത്താവിന്റെ പെരുമാറ്റത്തിൽ സംശയങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടി റിഫയുടെ കുടുംബം കോഴിക്കോട് റൂറൽ പൊലീസ് സൂപ്രണ്ടിന് നൽകിയ പരാതിയിൽ ഭർത്താവ് മെഹ്‌നുവിനെതിരെ കാക്കൂർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. കാസർകോട് സ്വദേശിയാണ് ഭർത്താവ് മെഹ്‌നു.