ipl

മുംബയ്: തിരിച്ച് വരവ് ഗംഭീരമാക്കി യശ്വസി ജയ്‌സ്വാളും ബൗളിംഗിൽ വീണ്ടും വിസ്നയം സൃഷ്ടിച്ച യൂസ്‌വേന്ദ്ര ചഹലും മിന്നിത്തിളങ്ങിയ ഇന്നലത്തെ ആദ്യ ഐ.പി.എൽ പോരാട്ടത്തിൽ പ‌ഞ്ചാബ് കിംഗ്സിനെ 6 വിക്കറ്റിന് കീഴടക്കി രാജസ്ഥാൻ റോയൽസ് വിജയ വഴിയിൽ തിരിച്ചെത്തി. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ 5വിക്കറ്റ് നഷ്ടത്തിൽ 189 റൺസ് നേടി. മറുപടിക്കിറങ്ങിയ രാജസ്ഥാൻ 2 പന്ത് ബാക്കി നിൽക്കെ വിജയലക്ഷ്യത്തിലെത്തുകയായിരുന്നു ( 190/4). ജയത്തോടെ 11 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ള രാജസ്ഥാന് ഒരു ജയം കൂടിനേടിയാൽ പ്ലേഓഫ് ഉറപ്പിക്കാം. മറുവശത്ത് തോൽവി പഞ്ചാബിന്റെ പ്ലേഓഫ് പ്രതീക്ഷകൾക്ക് മേൽകരിനിഴലായി.

മോശംഫോമിനെത്തുടർന്ന് ഡഗൗട്ടിലായിരുന്ന യശ്വസി എന്നാൽ ഇന്നലെ തിരിച്ചുവരവിൽ തകർപ്പൻ അർദ്ധ സെഞ്ച്വറി നേടി (41 പന്തിൽ 68)​ രാജസ്ഥാന്റെ ചേസിംഗിലെ മുന്നണിപ്പോരാളിയാവുകയായിരുന്നു. 9 ഫോറും 2 സിക്സും യശ്വസിയുടെ ബാറ്റിൽ നിന്ന് പറന്നു.

ജോസ് ബട്ട്‌ലർ (16 പന്തിൽ 30)​,​ ക്യാപ്ടൻ സഞ്ജു സാംസൺ (12 പന്തിൽ 23)​,​ ദേവ്‌ദത്ത് പടിക്കൽ (31)​ എന്നിവരും നല്ല പ്രകടനം കാഴ്ചവച്ചു. അവസാനമൊന്നു പതറിയ രാജസ്ഥാനെ 2 സിക്സും 3 ഫോറും ഉൾപ്പെടെ പുറത്താകാതെ 16 പന്തിൽ 31 റൺസെടുത്ത ഹെറ്റ്‌മേയർ പ്രശ്നമില്ലാതെ വിജയതീരത്തെത്തിക്കുകയായിരുന്നു. അർഷദീപ് സിംഗ് പഞ്ചാബിനായി രണ്ട് വിക്കറ്റ് വീഴ്‌ത്തി.നേരത്തേ ഫോമിലേക്ക് തിരിച്ചെത്തിയ ജോണി ബെയർ സ്റ്റോയാണ് (40 പന്തിൽ 56)​ പഞ്ചാബിന്റെ ഇന്നിംഗ്സിന്റെ നട്ടെല്ലായത്. ജിതേഷ് ശർമ്മയും (പുറത്താകാതെ 18 പന്തിൽ 38)​,​ ലിയാം ലിംവിംഗ്സ്റ്റൺ (14പന്തിൽ 22)​ എന്നിവരാണ് അവസാന ഓവറുകളിൽ പഞ്ചാബിന്റെ സ്കോർ ഉയർത്തിയത്.മൂന്ന് നിർണായക വിക്കറ്റുകൾ വീഴ്ത്തിയ ചഹലാണ് പ‌ഞ്ചാബ് സ്കോർ 200 കടക്കാതെ തടഞ്ഞത്. അശ്വിനും പ്രസിദ്ധും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.