message-to-aliens

അന്യഗ്രഹ ജീവികൾ ഉണ്ടോ ഇല്ലയോ എന്ന ചോദ്യം മനുഷ്യനെ അലട്ടാൻ തുടങ്ങിയിട്ട് കാലം ഒത്തിരിയായി. മനുഷ്യൻ സ്വതന്ത്രമായി ചിന്തിച്ചുതുടങ്ങിയ കാലം തൊട്ടുള്ള സംശയമാണിത്. ഭൂമിക്ക് പുറത്ത് ജീവനുണ്ടെന്നും അവിടെ നമ്മളെപ്പോലെ ചിന്തിക്കാനും ആശയവിനിമയം നടത്താനും സാധിക്കുന്ന ജീവികളുണ്ടെന്നും പലരും വിശ്വസിക്കുന്നുണ്ട്. സാധാരണക്കാർ മാത്രമല്ല ശാസ്ത്രത്തിന്റെ അതികായന്മാർ എന്ന് നാം തമാശയ്ക്കെങ്കിലും വിശേഷിപ്പിക്കുന്ന നാസയിലെ ശാസ്ത്രജ്ഞർ പോലും അങ്ങനെ വിശ്വസിക്കുന്നുണ്ട്. അവരെ കാണാനും അവരോട് ആശയവിനിമയം നടത്താനും ശാസ്ത്രജ്ഞർ ശ്രമിക്കുന്നുണ്ട്. ഭ്രാന്തൻ പ്രവർത്തികളെന്ന് പറയുന്ന ചില പദ്ധതികളും അവർ സാക്ഷാത്കരിച്ചിട്ടുണ്ട്. അത്തരത്തിൽ ഒരു പദ്ധതി വീണ്ടും നടപ്പാക്കാനൊരുങ്ങുകയാണ് നാസയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞർ.

alien

ഭൂമിക്ക് പുറത്ത് അന്യഗ്രഹ ജീവികളുണ്ടെങ്കിൽ അവരെ ഭൂമിയിലേക്ക് ക്ഷണിക്കാനായി ഒരു സന്ദേശം അയക്കാൻ തയ്യാറെടുക്കുകയാണവർ. വെറും സന്ദേശമല്ല ചില ചിത്രങ്ങൾ കൂടി അതിൽ ഉൾപ്പെടുത്തുന്നുണ്ട്. ഈ സന്ദേശത്തെ ഗാലക്സിയിലെ ബീക്കൺ എന്നാണ് ശാസ്ത്രജ്ഞർ വിളിക്കുന്നത്. ഈ ബീക്കൺ ഭൂമിയിലെ മനുഷ്യനും അന്യഗ്രഹ ജീവികളും തമ്മിലുള്ള ആശയവിനിമയത്തിനായി ഒരു ചാനൽ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.

ഇത് ആദ്യമായിട്ടല്ല അന്യഗ്രഹജീവികൾക്കായുള്ള സന്ദേശം ഭൂമിക്ക് പുറത്തേക്ക് അയക്കുന്നത്. ഇത്തരത്തിൽ ചിത്രങ്ങൾ അടങ്ങിയ ഒരു സന്ദേശം ആദ്യമായി ബഹിരാകാശത്തേക്ക് അയച്ചത് 1974ലാണ്. ജീവന്റെ അടിസ്ഥാനമായ രാസവസ്തുക്കൾ, മനുഷ്യന്റെ ഡി എൻ എയുടെ ഘടന, സൗരയൂഥത്തിൽ ഭൂമിയുടെ സ്ഥാനം, ഒരു മനുഷ്യന്റെ രൂപം എന്നീ വിവരങ്ങളടങ്ങിയ റേഡിയോ സന്ദേശമാണ് അന്ന് പ്രക്ഷേപണം ചെയ്തത്.

പ്യൂർട്ടോറിക്കോയിലെ അരെസിബോ എന്ന ശക്തമായ ദൂരദർശിനി ഉപയോഗിച്ചാണ് ഏകദേശം അര നൂറ്റാണ്ട് മുമ്പ് ശാസ്ത്രജ്ഞർ ഈ വിവരങ്ങൾ ഭൂമിക്ക് വെളിയിലേക്ക് അയച്ചത്. ലളിതവും മനോഹരവുമായ ആ സന്ദേശം ഇപ്പോഴും ബഹിരാകാശത്തിന്റെ വിശാലതയിൽ എവിടെയോ സഞ്ചരിക്കുന്നുണ്ടായിരിക്കണം. ഭൗതികശാസ്ത്രജ്ഞനായ കാൾ സാഗനും കോർണൽ അസ്‌ട്രോണമി പ്രൊഫസറായ ഫ്രാങ്ക് ഡ്രേക്കുമാണ് ഈ റേഡിയോ സന്ദേശം രൂപകൽപന ചെയ്തത്.

old-beacon

ഇത്രയും കാലമായിട്ടും ആ സന്ദേശത്തിന് എന്തെങ്കിലും തരത്തിലുള്ള പ്രതികരണങ്ങൾ ലഭിച്ചില്ല. അതിനാലാണ് കുറച്ചുകൂടി വിവരങ്ങൾ ഉൾപ്പെടുത്തി ഒരു സന്ദേശം കൂടി അയക്കാൻ നാസ തീരുമാനമെടുത്തത്. ഇതിൽ കുറച്ചുകൂടി രസകരമായ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. നഗ്നരായ ഒരു പുരുഷന്റെയും സ്ത്രീയുടെയും ചിത്രമാണ് ഇത്തവണ അയക്കുന്നത്. ഈ ചിത്രം കണ്ടെങ്കിലും അവർ ഭൂമിയിലേക്ക് വരട്ടെയെന്നാണ് ശാസ്ത്രജ്ഞരുടെ പക്ഷം. ഈ ചിത്രങ്ങൾ കണ്ടാൽ അന്യഗ്രഹ ജീവികളെ നാം ക്ഷണിക്കുകയാണെന്ന് മനസിലാക്കാനായി ആ പുരുഷനും സ്ത്രീയും കൈവീശി കാണിക്കുന്ന രീതിയിലാണ് സന്ദേശം രൂപകൽപന ചെയ്തിരിക്കുന്നത്.

മനുഷ്യന്റെ ചിത്രങ്ങൾക്കൊപ്പം നമ്മുടെ ഡി എൻ എ, രാസ ഘടന, ക്ഷീരപഥത്തിനുള്ളിലെ നമ്മുടെ സൗരയൂഥത്തിന്റെയും അതിനുള്ളിലെ ഭൂമിയുടെ കൃത്യമായ സ്ഥാനം, ഭൂമിയുടെ ഉപരിതലം, ആശയവിനിമയം സുഗമമാക്കുന്നതിനായി അടിസ്ഥാന ഗണിത ഭൗതിക ശാസ്ത്ര സമവാക്യങ്ങൾ, എന്നീ വിവരങ്ങളും സന്ദേശത്തിലുണ്ടാകും. വലിയ ഗ്രാഫിക്സ് ചിത്രങ്ങളല്ല ഗാലക്സി ബീക്കണായി ഉപയോഗിക്കുന്നത്. വളരെ ലളിതമായ രീതിയിൽ ബൈനറി കോഡിലാണ് ഇവ തയ്യാറാക്കുന്നത്. നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ ശാസ്ത്രജ്ഞനായ ഡോ ജൊനാഥൻ ജിയാംഗ് ആണ് പുതിയ സന്ദേശം രൂപകൽപന ചെയ്യുന്നത്.

beacon-in-the-galaxy

ചൈനയിൽ സ്ഥാപിച്ചിട്ടുള്ള അഞ്ഞൂറ് മീറ്റർ അപ്പെർച്ചറോടുകൂടിയ സ്‌ഫെറിക്കൽ ടെലിസ്‌കോപ്പും കാലിഫോർണിയയിലെ സെറ്റി ഇൻസ്റ്റിറ്റ്യൂട്ടിലെ അലൻ ടെലിസ്‌കോപ്പ് അറേയും ഉപയോഗിച്ച് ആകാശഗംഗയുടെ തിരഞ്ഞെടുത്ത ഒരു പ്രദേശത്തേക്കാണ് ഈ സന്ദേശങ്ങൾ പ്രക്ഷേപണം ചെയ്യാൻ തീരുമാനിച്ചിട്ടുള്ളത്. നമ്മുടെ നക്ഷത്രഗണമായ ക്ഷീരപഥത്തിൽ മാത്രം 5000 ലധികം ഗ്രഹങ്ങളാണ് അടുത്തിടെ നാസ കണ്ടെത്തിയത്. ഇവയിൽ എതിലെങ്കിലും ജീവന്റെ സാന്നിദ്ധ്യമുണ്ടോ എന്ന് പഠിക്കുക ഇപ്പോഴുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച് സാദ്ധ്യമല്ല. അതിനാലാണ് അന്യഗ്രഹജീവികളെ ഇങ്ങോട്ട് വിളിച്ചുവരുത്താൻ ശ്രമിക്കുന്നത്.

allen-telescope