
റാഞ്ചി : കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ജാർഖണ്ഡ് ഐ എ എസ് ഉദ്യോഗസ്ഥ പൂജ സിംഗാളിനും അവരുടെ കുടുംബത്തിനും എതിരെ ഇ ഡി നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം റെയ്ഡുകൾ നടത്തിയിരുന്നു. നാല് സംസ്ഥാനങ്ങളിലായി ഉദ്യോഗസ്ഥയ്ക്ക് ബന്ധമുണ്ടെന്ന് കരുതുന്ന 18 സ്ഥലങ്ങളിലാണ് റെയ്ഡുകൾ നടന്നത്. സിംഗാളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന റാഞ്ചി ആസ്ഥാനമായുള്ള ചാർട്ടേഡ് അക്കൗണ്ടന്റിന്റെ വീട്ടിൽ നിന്ന് 18 കോടിയാണ് കണ്ടെത്തിയത്.
ആരാണ് പൂജ സിംഗാൾ ഐ എ എസ്
ജാർഖണ്ഡ് ഗവൺമെന്റിന്റെ മൈൻസ് ആൻഡ് ജിയോളജി വകുപ്പിന്റെ സെക്രട്ടറിയാണ് പൂജ സിംഗാൾ. 2000 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് പൂജ സിംഗാൾ. നേരത്തേ ഛത്ര, ഖുന്തി, പലാമു ജില്ലകളിൽ ഡെപ്യൂട്ടി കമ്മീഷണറായിരിക്കെ പൂജാ സിംഗാളിനെതിരെ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ ഉയർന്നിരുന്നു. മുൻ ബി ജെ പി സർക്കാരിൽ കൃഷി സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. എന്നാൽ ഖനികളുമായി ബന്ധപ്പെട്ട വകുപ്പിൽ പ്രവർത്തിച്ചപ്പോഴാണ് ഇവർ അനധികൃതമായി പണസമ്പാദനം നടത്തിയത്. പലാമുവിലെ ഡെപ്യൂട്ടി കമ്മീഷണറായിരിക്കവേ പൂജാ സിംഗാൾ 83 ഏക്കർ ഭൂമി ഖനനത്തിനായി സ്വകാര്യ കമ്പനിക്ക് കൈമാറിയെന്ന ആരോപണം ഉയർന്നിരുന്നു.
ഐഎഎസ് ഉദ്യോഗസ്ഥൻ രാഹുൽ പുർവാറിനെയാണ് പൂജ ആദ്യം വിവാഹം ചെയ്തത്. എന്നാൽ ഈ ബന്ധം അധികനാൾ നീണ്ടുപോയില്ല. വിവാഹമോചിതയായ പൂജ പിന്നീട് റാഞ്ചിയിലെ പൾസ് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ മാനേജിംഗ് ഡയറക്ടർ അഭിഷേക് ഝായെ വിവാഹം ചെയ്തു. ഇദ്ദേഹവുമായി ബന്ധപ്പെട്ട ഇടങ്ങളിലും ഇ ഡി അന്വേഷണം നടത്തുന്നുണ്ട്. പൾസ് സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ ഡയറക്ടർമാരിലൊരാളായ പൂജാ സിംഗാളിന്റെ സഹോദരൻ സിദ്ധാർത്ഥ് സിംഗാളും അന്വേഷണ പരിധിയിലാണ്. സിംഗാളുമായി ബന്ധമുള്ള ചാർട്ടേഡ് അക്കൗണ്ടന്റിന്റെ വീട്ടിൽ നിന്ന് 18 കോടി രൂപ കണ്ടെടുത്തത് ദേശീയ മാദ്ധ്യമങ്ങളടക്കം പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്തത്.