meera-mammootty

ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയിലേയ്ക്ക് തിരിച്ചുവന്നിരിക്കുകയാണ് നടി മീരാ ജാസ്‌മിൻ. സത്യൻ അന്തിക്കാടിന്റെ മകൾ എന്ന ചിത്രത്തിലൂടെയാണ് താരം തിരികെയെത്തിയത്. ചിത്രവും താരത്തിന്റെ അഭിനയവും പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്‌തു.

ഇപ്പോഴിതാ നടൻ മമ്മൂട്ടിക്ക് നന്ദിയറിയിച്ച് എത്തിയിരിക്കുകയാണ് മീരാ ജാസ്‌മിൻ. ഇരുവരുമൊന്നിച്ച് അഭിനയിച്ച ശ്യാമപ്രസാദ് ചിത്രം ഒരേ കടൽ എന്ന ചിത്രത്തെക്കുറിച്ചുള്ള ഹൃദ്യമായ കുറിപ്പും മീര പങ്കുവച്ചിട്ടുണ്ട്. സുനിൽ ​ഗം​ഗോപാധ്യായയുടെ ഹിരക് ദീപ്തി എന്ന ബം​ഗാളി നോവലിന്റെ ചലച്ചിത്രാവിഷ്കാരം കൂടിയായിരുന്നു ഒരേ കടൽ.

ഇൻസ്റ്റ​ഗ്രാമിലൂടെയാണ് താരത്തിന്റെ പ്രതികരണം. സിനിമയുമായി ബന്ധപ്പെട്ട ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. മമ്മൂക്ക എന്ന നടന്റെ അതുല്യമായ വൈദ​ഗ്ധ്യത്തിന് സാക്ഷ്യം വഹിക്കാൻ തനിക്ക് അവസരമൊരുക്കിയ ചിത്രമാണ് ഒരേ കടലെന്ന് മീരാ ജാസ്മിൻ കുറിച്ചു.

meera-mammootty

മമ്മൂട്ടിയുടെ മഹത്തായ കരിയറിലെ ഏറ്റവും മികച്ചതും കാലാതീതവുമായ പ്രകടനങ്ങളിലൊന്നാണ് ഈ സിനിമയിലേതെന്നും മീര പറഞ്ഞു. നന്ദി മമ്മൂക്ക, എന്റെ ദീപ്തിക്ക് നാഥൻ ആയതിന് എന്നും മീര കുറിച്ചു.

2007-ൽ പുറത്തിറങ്ങിയ ഒരേ കടൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലൂടെ ഔസേപ്പച്ചന് മികച്ച സം​ഗീതസംവിധായകനുള്ള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു. മമ്മൂട്ടിക്കും മീരാ ജാസ്മിനും പുറമെ നരേൻ, രമ്യാ കൃഷ്ണൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

View this post on Instagram

A post shared by Meera Jasmine (@meerajasmine)