
തിരുവനന്തപുരം: തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അതിതീവ്ര ന്യൂനമർദ്ദം അസാനി ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ചു. അസാനിയുടെ സഞ്ചാരപാത കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും സംസ്ഥാനത്ത് കനത്ത മഴയ്‌ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ഒഡിഷ, ബംഗാൾ, ആന്ധ്ര തീരത്തിലൂടെയാകും ചുഴലിക്കാറ്റ് സഞ്ചരിക്കുക. സംസ്ഥാനത്ത് കിഴക്കൻ മേഖലകളിലാകും കൂടുതൽ മഴ ലഭിക്കുന്നത്. ചൊവ്വാഴ്ചയോടെ മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും മഴ ശക്തി പ്രാപിച്ചേക്കും. ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനത്തിന് പോയവർ സുരക്ഷിത തീരങ്ങളിലേക്ക് മാറണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അസാനി ചുഴലിക്കാറ്റിന്റെ തീവ്രത കണക്കിലെടുത്ത് ആന്ധ്ര, ഒഡിഷ തീരങ്ങളിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്‌ക്കും ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്.
തിങ്കളാഴ്ച വൈകിട്ടോടെ അസാനി ആന്ധ്ര, ഒഡീഷ തീരത്തേക്ക് അടുക്കുമെങ്കിലും കര തൊടാതെ കടന്നുപോകുമെന്നാണ് വിലയിരുത്തുന്നത്. അതേസമയം, തീരമേഖലയിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിച്ചു തുടങ്ങി. ഉഗ്രകോപി എന്നാണ് അസാനി എന്ന വാക്കിന്റെ അർത്ഥം. ശ്രീലങ്കയാണ് ഈ പേര് നൽകിയിരിക്കുന്നത്.