
ബംഗളൂരു: രാജ്യത്ത് വിവിധ തിരഞ്ഞെടുപ്പുകളിലെ ദയനീയ പ്രകടനത്തിന് പിന്നാലെ പാർട്ടിയിലെ മോശം അനുഭവങ്ങൾ കൊണ്ടും സീറ്റ് ലഭിക്കാത്തതിനെ തുടർന്നും നേതാക്കൾ രാജിവയ്‌ക്കുന്നതിന്റെ പ്രതിസന്ധിയിൽ കുഴയുകയാണ് കോൺഗ്രസ്. ഇക്കൂട്ടത്തിൽ ഏറ്റവുമൊടുവിലത്തേതാണ് കർണാടകയിലെ മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പ്രമോദ് മാധ്വരാജിന്റെ രാജി. പാർട്ടി അംഗത്വത്തിൽ നിന്നും രാജിവച്ച് ബിജെപിയിലെത്തിയ പ്രമോദിനെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നേരിട്ടാണ് പാർട്ടിയിലേക്ക് അംഗമാക്കിയത്. പ്രമോദിനൊപ്പം സംസ്ഥാനത്തെ കോൺഗ്രസിലെ മറ്റ് ചില പ്രധാന നേതാക്കളും പാർട്ടി അംഗത്വമെടുത്തു.
സിദ്ധരാമയ്യ നേതൃത്വം നൽകിയ കോൺഗ്രസ് സർക്കാരിൽ മന്ത്രിയായിരുന്നു ഉടുപ്പി സ്വദേശിയായ പ്രമോദ് മാധ്വരാജ്. ഉടുപ്പി പേജാവാര മഠാധിപതിയായിരുന്ന വിശ്വേശ തീർത്ഥ സ്വാമിയ്‌ക്ക് മരണാനന്തരം പദ്മവിഭൂഷൺ നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ചതിലൂടെ ശ്രദ്ധ നേടിയ നേതാവാണ് പ്രമോദ് മാധ്വരാജ്.
കെപിസിസി പ്രസിഡന്റ് ഡി.കെ ശിവകുമാറിന് നൽകിയ രാജിക്കത്തിൽ താൻ പാർട്ടിയിലെ വൈസ് പ്രസിഡന്റ് പദവി സ്വീകരിക്കുന്നില്ലെന്നും കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽ നിന്നും രാജിവയ്‌ക്കുകയാണെന്നും പ്രമോദ് അറിയിച്ചു. കഴിഞ്ഞ മൂന്ന് വർഷങ്ങളായി ഉടുപ്പി ജില്ലാ കോൺഗ്രസിൽ നിന്നും തനിക്ക് മോശം അനുഭവമാണ് ഉണ്ടാകുന്നതെന്നും പാർട്ടിയിൽ തനിക്ക് ശ്വാസമുട്ടുന്ന അനുഭവമാണെന്നും ഈ വിവരങ്ങൾ മുതിർന്ന നേതാക്കളെയെല്ലാം അറിയിച്ചിട്ടുളളതായി രാജിക്കത്തിൽ പറയുന്നു. എന്നാൽ തന്റെ ആശങ്കകൾക്ക് പരിഹാരമൊന്നും ഉണ്ടായില്ലെന്നും മാധ്വരാജ് പരാതിപ്പെടുന്നു.
2020ൽ കോൺഗ്രസ് വിട്ട ജ്യോതിരാദിത്യ സിദ്ധ്യ ഇപ്പോൾ കേന്ദ്രമന്ത്രിയാണ്. പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കിയതോടെ മുതിർന്ന പാർട്ടി നേതാവായ ക്യാപ്‌റ്റൻ അമരീന്ദർ സിംഗ് കോൺഗ്രസ് വിട്ടു. 2016ൽ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ പ്രേമ ഖണ്ഡു അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയായി. മുതിർന്ന കോൺഗ്രസ് നേതാവ് പി.സി ചാക്കോ കോൺഗ്രസ് വിട്ട് എൻസിപിയിലെത്തി. ഇപ്പോൾ എൻസിപി കേരള ഘടകം അദ്ധ്യക്ഷനാണ്. മുൻ ഗോവ മുഖ്യമന്ത്രിയായിരുന്ന ലൂസിയോ ഫലേറിയോ തൃണമൂൽ കോൺഗ്രസിലെത്തി. ഗുജറാത്തിൽ തിരഞ്ഞെടുപ്പ് അടുത്തുവരവെ പാർട്ടി നേതാവും പട്ടേൽ സമുദായത്തിലെ പ്രധാനിയുമായ ഹാർദ്ദിക് പട്ടേലിനെ പാർട്ടിയിൽ പിടിച്ചുനിർത്താൻ രാഹുൽ ഗാന്ധി കഠിന പരിശ്രമമാണ് നടത്തുന്നത്.