
ചൂട് സമയത്ത് മുട്ട കഴിക്കരുതെന്ന് മുതിർന്നവർ പറയാറുണ്ട്, ഇതു പോലെ വെളുത്ത മുട്ടയെക്കാളും തവിട്ട് മുട്ടയാണ് ഗുണകരം എന്നതും നാം കേട്ടിട്ടുണ്ട്. തലമുറകൾ കൈമാറി വന്ന ഈ വാദങ്ങളിൽ എത്രത്തോളം വാസ്തവമുണ്ടെന്ന് ചിന്തിച്ചിട്ടുണ്ടോ ?
വെളുപ്പും തവിട്ടും മുട്ടകൾ
പ്രോട്ടീൻ, കാത്സ്യം, ഇരുമ്പ് എന്നിവയാൽ സമ്പന്നമാണ് മുട്ട. ചെലവ് കുറഞ്ഞ രീതിയിൽ ശരീരത്തിന്റെ ആരോഗ്യത്തിന് ആവശ്യമായ പ്രോട്ടീൻ നൽകാനാവും എന്നതാണ് മുട്ടയുടെ സ്വീകാര്യത വർദ്ധിപ്പിക്കുന്നത്. വിപണിയിൽ തവിട്ട് നിറത്തിലുള്ള മുട്ടയ്ക്ക് ആവശ്യക്കാർ ഏറെയാണ്. തവിട്ട് മുട്ടയ്ക്ക് രുചി കൂടുതലാണെന്ന് കരുതുന്നവരുണ്ട്. എന്നാൽ വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ തവിട്ട്, വെള്ള മുട്ടകൾ തമ്മിൽ വലിയ വ്യത്യാസമില്ല. ഇവ രണ്ടിനും സമാനമായ പോഷക ഗുണങ്ങളാണുള്ളത്. കോഴികളുടെ ഇനത്തെയും, ലഭിക്കുന്ന ഭക്ഷണത്തെയും ആശ്രയിച്ചാണ് തവിട്ട്, വെള്ള മുട്ടകൾ തമ്മിലുള്ള വ്യത്യാസം വരുന്നത്. മുട്ടകളുടെ നിറവും രുചിയും പ്രധാനമായും സ്വാധീനിക്കപ്പെടുന്നത് കോഴികൾക്ക് ലഭിക്കുന്ന ഭക്ഷണമാണ്.
സാധാരണ ഗതിയിൽ വളർത്ത് തീറ്റകൾ വിലയ്ക്ക് വാങ്ങി നൽകാതെ വീടുകളിൽ വളരുന്ന കോഴികളാണ് തവിട്ട് നിറമുള്ള മുട്ടകൾ നൽകുന്നത്. നിറം മാറ്റി നിർത്തിയാൽ വലിയ മുട്ടകൾ ലഭിക്കുന്നതും വീടുകളിൽ വളരുന്ന കോഴികളിൽ നിന്നുമാണ്. ഇത് ഇവയ്ക്ക് ലഭിക്കുന്ന ആഹാരത്തിന്റെ പ്രത്യേകതയാലാണ്. തവിട്ട് മുട്ടയിൽ ഏകദേശം 72- 80 കലോറി അടങ്ങിയിട്ടുണ്ട്. ദിവസവും മുട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിന് ആവശ്യമായ പോഷകാഹാരം നൽകാൻ സഹായിക്കും.
ചൂട് കാലത്ത് മുട്ട കഴിക്കാമോ ?
വേനൽക്കാലത്ത് മുട്ട കഴിക്കുന്നത് ദഹനത്തെ ബാധിക്കുമെന്ന് കരുതുന്നവർ ഏറെയാണ്. എന്നാൽ എല്ലാ സമയത്തും മിതമായ അളവിൽ മുട്ട കഴിക്കാവുന്നതാണ്. ദിവസവും മുട്ട കഴിക്കുന്നത് ആരോഗ്യം വർദ്ധിപ്പിക്കും. എന്നാൽ അമിതമായി ഭക്ഷിക്കുന്നത് ശരീരത്തിൽ ചൂട് വർദ്ധിപ്പിക്കുകയും, ദഹനപ്രശ്നങ്ങൾക്കും അസ്വസ്ഥതകൾക്കും വയറിളക്കത്തിനും കാരണമാക്കുകയും ചെയ്യും.