
സർവ ദുരിതങ്ങളും തീരാൻ തൃപ്രയാറപ്പനെ തൊഴുത് പ്രാർത്ഥിച്ചാൽ മതിയെന്നാണ് വിശ്വാസം. ഗായിക അമൃത സുരേഷും ഇത്തവണ തൃപ്രയാറപ്പനെ തൊഴാനെത്തി. താരം തന്നെയാണ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ മീനൂട്ട് നടത്തിയതായും അവർ ഫേസ്‌ബുക്കിൽ കുറിച്ചിട്ടുണ്ട്.
കേരളത്തിലെ തന്നെ പ്രധാനപ്പെട്ട ശ്രീരാമസ്വാമി ക്ഷേത്രങ്ങളിലൊന്നാണിത്. മീനൂട്ട് നടത്താനായി നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ഭക്തരാണ് തൃശൂർ ജില്ലയിലെ ഈ ക്ഷേത്രത്തിലേക്ക് എത്തുന്നത്. ക്ഷേത്രത്തിന് മുന്നിലൂടെ ഒഴുകുന്ന പുഴയിലെ മീനുകളെ ഊട്ടിയാൽ ഭക്തർക്ക് എല്ലാ അനുഗ്രഹങ്ങളും തൃപ്രയാറപ്പൻ നൽകുമെന്നാണ് വിശ്വാസം.
ഭക്തർ നൽകുന്ന അന്നം സ്വീകരിക്കാൻ ഭഗവാൻ മീനിന്റെ രൂപത്തിൽ എത്തുന്നുവെന്നൊരു ഐതിഹ്യവും നിലനിൽക്കുന്നുണ്ട്. ആസ്തമ പോലുള്ള ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകൾ മാറാനായും നിരവധി പേർ ക്ഷേത്രത്തിലെത്തി മീനൂട്ട് നടത്തുന്നുണ്ട്. രാമായണ മാസത്തിലാണ് ക്ഷേത്രത്തിൽ തിരക്ക് കൂടുന്നത്.
ശ്രീകൃഷ്‌ണൻ ദ്വാരകയിൽ പൂജിച്ചിരുന്ന ശ്രീരാമ വിഗ്രഹമാണ് തൃപ്രയാർ ക്ഷേത്രത്തിലേതെന്നാണ് കരുതപ്പെടുന്നത്. ശ്രീകൃഷ്‌ണന്റെ സ്വർഗാരോഹണത്തിന് ശേഷം ഈ വിഗ്രഹം കടലെടുത്തെന്നും അത് പിന്നീട് കേരളത്തിലെ മുക്കുവർക്ക് കിട്ടിയെന്നും ഐതിഹ്യമുണ്ട്.
മീനൂട്ട് പോലെ തൃപ്രയാറപ്പന്റെ പ്രധാനപ്പെട്ട മറ്റൊരു വഴിപാടാണ് കതിന വെടി. 10,101,1001 എന്നിങ്ങനെയാണ് വെടിവഴിപാട് നടത്തുന്നത്. ഏകാദശി ദിനത്തിലെ ഭഗവാന്റെ നിർമാല്യ ദർശനം വളരെ വിശിഷ്ടവും പുണ്യദായകവുമാണ്. ഗുരുവായൂരിൽ ഏകാദശി ചടങ്ങ് നടത്തുന്നതുപോലെ തന്നെയാണ് ഇവിടെയും ഏകാദശി ആഘോഷിക്കുന്നത്. അന്നും ഇവിടേക്ക് നിരവധി ഭക്തർ എത്തും.