
ഒരു കുഞ്ഞ് വന്നുകഴിഞ്ഞാൽ ദാമ്പത്യ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകാറുണ്ട്. സ്ത്രീകളിലാണ് കൂടുതലായും മാറ്റം ഉണ്ടാകാറ്. കുഞ്ഞുണ്ടായതിന് ശേഷം അവൾ അമ്മ മാത്രമായിപ്പോയെന്നും, തന്നെ ശ്രദ്ധിക്കാൻ സമയമില്ലെന്നും ചില ഭർത്താക്കന്മാർ പരാതി പറയാറുണ്ട്.
കുട്ടിയെ പരിപാലിക്കുന്നതിന്റെ തിരക്കിൽ ഭർത്താവിനെ ശ്രദ്ധിക്കാൻ സമയം കിട്ടിയില്ലെന്നും വരാം. അത്തരം സാഹചര്യങ്ങൾ മനസിലാക്കി കൂടെ നിൽക്കുകയാണ് പങ്കാളി ചെയ്യേണ്ടത്. കുട്ടിയെ ഒന്നിച്ച് താലോലിക്കാം.
പ്രസവിച്ച് കഴിഞ്ഞാൽ സ്ത്രീകൾക്ക് ലൈംഗിക ബന്ധത്തിലുള്ള താത്പര്യം പോകുമോ എന്ന് സംശയമുള്ള ഒരുപാടാളുകൾ ഉണ്ട്. കുട്ടികളെ നോക്കാനുള്ള നെട്ടോട്ടത്തിൽ ചിലപ്പോൾ ലൈംഗിക ബന്ധത്തോടുള്ള താത്പര്യം കുറഞ്ഞേക്കാം. മാത്രമല്ല മുലയൂട്ടുന്നവരുടെ സ്തനങ്ങളിൽ മുലപ്പാൽ കെട്ടിനിന്ന് നേരിയ വേദന അനുഭവപ്പെടാറുണ്ട്. ഇതും സെക്സിനോട് വിരക്തി തോന്നാനുള്ള ഒരു കാരണമാണ്.
പ്രസവ ശേഷം സ്ത്രീകളുടെ ശരീരത്തിന് ഒരുപാട് മാറ്റം വരും. തടിവയ്ക്കുകയും, സിസേറിയനാണെങ്കിൽ പാടുണ്ടാവുകയുമൊക്കെ ചെയ്യും. ഇതുമൂലം സ്വന്തം ശരീരത്തോടുള്ള ആത്മവിശ്വാസം കുറയുന്നവരുണ്ട്. അങ്ങനെയുള്ളവർക്കും ലൈംഗിക ബന്ധത്തോട് താത്പര്യം കുറയാൻ സാദ്ധ്യതയുണ്ട്.
പ്രസവ ശേഷം എപ്പോൾ ലൈംഗിക ബന്ധത്തിലേർപ്പെടാം
പ്രസവ ശേഷം രണ്ട് മൂന്ന് മാസം കഴിഞ്ഞിട്ട് ലൈംഗിക ബന്ധത്തിലേർപ്പെടുന്നതായിരിക്കും സ്ത്രീയുടെ ആരോഗ്യത്തിന് അഭികാമ്യം. സിസേറിയനാണെങ്കിൽ സ്റ്റിച്ചുകളും, സുഖപ്രസവമാണെങ്കിൽ ആന്തരിക മുറിവുകളൊക്കെ ഭേദമാകണം. ലൈംഗിക ബന്ധം പുനരാരംഭിക്കുന്നതിന് മുൻപ് ചികിത്സിച്ച ഗൈനക്കോളജിസ്റ്റിന്റെ അഭിപ്രായം തേടുക.