
പൂനെ: ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ ഇലക്ട്രിക് ബസ് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പുറത്തിറക്കി. മെയ്ഡ് ഇൻ ഇന്ത്യ എന്ന ടാഗോട് കൂടി നിരത്തിലേക്കെത്തുന്ന ആദ്യത്തെ ബസായ ഇതിന് ഇ കെ എ ഇ 9 (EKA E9) എന്നാണ് പേരിട്ടിരിക്കുന്നത്.
ഇ9 ആണ് ആദ്യത്തെ ഇന്ത്യൻ നിർമിത സീറോ എമിഷൻ ഇലക്ട്രിക് ബസ് എന്നാണ് കന്പനി അവകാശപ്പെടുന്നത്. പിന്നാക്കിൾ ഇൻഡസ്ട്രീസിന്റെ ഉപസ്ഥാനമായ ഇകെഎയാണ് ഈ ബസ് പുറത്തിറക്കുന്നത്. ഇലക്ട്രോണിക്കലി കണ്ട്രോൾഡ് എയർ സസ്പെൻഷൻ (ഇസിഎഎസ്) സംവിധാനത്തിൽ മുന്നിലും പിന്നിലും എയർ സസ്പെൻഷൻ ലഭിക്കുന്ന തരത്തിലാണ് ബസ് രൂപകൽപന ചെയ്തിരിക്കുന്നത്.

2500എൻഎം ടോർക്കും 200 കിലോവാട്ട് ഊർജവും ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറിന്റെ സഹായത്തോടെയാണ് ബസ് പ്രവർത്തിക്കുന്നത്. ഇതിനൊപ്പം ഒരു റീജെനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റവും ഇതിലുണ്ട്.
ലോഫ്ലോർ മോഡലിൽ രൂപൽപന ചെയ്തിരിക്കുന്ന ഈ ബസിന് ഒന്പത് മീറ്റർ നീളവും 650 എംഎം ഗ്രൗണ്ട് ക്ലിയറൻസും 2500 എംഎം വീതിയുമുണ്ട്. ഇ9ൽ ഒരേ സമയം 31 പേർക്ക് ഇരുന്ന് യാത്ര ചെയ്യാം. ഇത് കൂടാതെ വികലാംഗർക്ക് ബസിലേക്ക് അനായാസം കയറാൻ സഹായിക്കുന്ന വീൽചെയർ റാന്പും ഇ9 ന്റെ പ്രത്യേകതയാണ്.
