sanju

മുംബയ്: ഐ.പി.എൽ 2022 ലെ മത്സരങ്ങൾ വാശിയോടെ പുരോഗമിക്കുകയാണ്. നാല് പ്ലേ ഓഫ് സ്‌പോട്ടുകളിൽ ഏതെങ്കിലും ഒരെണ്ണം സ്വന്തമാക്കാനായി ടീമുകൾ കടുത്ത പോരാട്ടമാണ് പുറത്തെടുക്കുന്നത്.

നിലവിൽ കെ.എൽ രാഹുൽ നയിക്കുന്ന ലക്‌നൗ സൂപ്പർ ജയന്റ്സാണ് 16 പോയിന്റുമായി പട്ടികയിൽ ഒന്നാമത്. ഗുജറാത്ത് ടെെറ്റൻസാണ് രണ്ടാമത്. ഇരു ടീമുകളും പ്ലേ ഓഫ് ഉറപ്പിച്ചിട്ടുണ്ട്. നാല് പോയിന്റുമായി അവസാന സ്ഥാനത്തുള്ള മുംബയുടെ സാധ്യതകൾ ഏറെക്കുറെ അവസാനിച്ചു കഴിഞ്ഞു.

സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് കഴിഞ്ഞ മത്സരത്തിലെ വിജയത്തോടെ പ്ലേ ഓഫ് സാദ്ധ്യതകൾ സജീവമാക്കിയിട്ടുണ്ട്. എന്നാൽ ടോസ് ഭാഗ്യം ഈ സീസണിൽ സഞ്ജുവിന് തീരെയില്ല. കളിച്ച 11 മത്സരങ്ങളിൽ ഒരിക്കൽ മാത്രമാണ് ക്യാപ്റ്റന് ടോസ് നേടാനായത്.

പത്ത് മത്സരങ്ങളിൽ ഒൻപതിലും ടോസ് നേടിയ കെയിൻ വില്ല്യംസനാണ് ഏറ്റവും 'ഭാഗ്യ'മുള്ള ക്യാപ്റ്റൻ. പതിനൊന്നിൽ ഏഴ് ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യയാണ് തൊട്ടുപിന്നിൽ. ഡൽഹിയുടെയും കൊൽക്കത്തയുടെയും ക്യാപ്റ്റൻമാർക്ക് പത്ത് മത്സരങ്ങളിൽ ആറെണ്ണത്തിൽ ടോസ് നേടാനായി.

ബംഗളുരുവിന്റെ ഡുപ്ലെസി 11ൽ ആറെണ്ണം നേടി. മുംബയുടെ രോഹിത്തും ലക്നൗവിന്റെ രാഹുലും പത്ത് മത്സരങ്ങളിൽ അഞ്ചെണ്ണത്തിൽ ടോസ് സ്വന്തമാക്കി. ചെന്നെെയ്ക്ക് പത്തിൽ നാലെണ്ണം നേടാനായപ്പോൾ പഞ്ചാബിനെ 11 മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ മാത്രമേ ടോസ് ഭാഗ്യം തുണച്ചുള്ളു.

ടോസ് തിരിച്ചടിയാവുന്നുണ്ടെങ്കിലും ഏഴ് വിജയങ്ങളുമായി പോയിന്റ് ടേബിളിൽ മൂന്നാമത് എത്താൻ സഞ്ജു നയിക്കുന്ന രാജസ്ഥാന് സാധിച്ചിട്ടുണ്ട്. ടീമിന്റെ വിജയത്തിൽ സഞ്ജുവിന്റെ ക്യാപ്റ്റൻസിക്ക് വലിയ പങ്കാണുള്ളത്.

ടോസ് കിട്ടിയാലും ഇല്ലെങ്കിലും കളി ജയിപ്പിക്കാനറിയുന്ന ക്യാപറ്റനാണ് സഞ്ജു എന്നാണ് ആരാധകർ പറയുന്നത്. ടോസ് ഭാഗ്യം ഇല്ലാത്തതിന്റെ പേരിൽ ട്രോളുകൾ ഏറ്റുവാങ്ങാറുണ്ടെങ്കിലും ക്യാപ്റ്റൻസിയിൽ അധികമാർക്കും സഞ്ജുവിന്റെ കാര്യത്തിൽ എതിരഭിപ്രായമില്ല. ഷെയിൻ വോണിന് ശേഷം രാജസ്ഥാന് വേണ്ടി കീരീടം സ്വന്തമാക്കാൻ സഞ്ജുവിനാകുമെന്നാണ് ആരാധകരുടെ വിശ്വാസം.