പറഞ്ഞുറപ്പിച്ച സിനിമ കൊവിഡ് കാരണം വഴി മാറിപ്പോയ സങ്കടത്തിൽ ഇരിക്കുമ്പോഴാണ് അപർണദാസിനെ തേടി ആ ഫോൺ കോൾ എത്തുന്നത്. നെൽസൺ എന്ന സംവിധായകൻ്റെ ചിത്രത്തിലേക്ക് ഒരു റോൾ ഉണ്ട്,​ താത്പര്യമുണ്ടോയെന്ന് ചോദ്യം. കൂടെ നായകൻ വിജയ് ആണെന്നും കൂടി കേട്ടതോടെ മറിച്ചൊന്നും ആലോചിക്കേണ്ടി വന്നില്ല. ബീസ്റ്റിലേക്ക് എത്തിയ കഥ പറയുകയാണ് കൗമുദി മൂവീസിൽ നടി അപർണ ദാസ്.

'വിജയ് സാറിന്റെ ചിത്രം ആണെന്ന് കേട്ടപ്പോൾ അങ്ങനെയൊരു ചോദ്യത്തിന്റെ ആവശ്യം തന്നെയില്ലെന്നായിരുന്നു ഞാൻ പറഞ്ഞത്. എന്നോട് ഫോട്ടോസ് അയക്കാൻ പറഞ്ഞു. പിന്നീട് സംവിധായകൻ നെൽസൺ സാർ നേരിട്ട് ലുക്ക് ടെസ്റ്റ് നടത്തി. അതോടെ ഓക്കെയായി.

കരിയറിന്റെ തുടക്കത്തിൽ തന്നെ അദ്ദേഹത്തിന്റെ ചിത്രത്തിൽ അഭിനയിക്കാൻ പറ്റുകയെന്നത് വലിയ ഭാഗ്യമാണ്. വലിയ സിനിമ ആയതുകൊണ്ടാകാം കുറേ ദിവസം എടുത്താണ് ചിത്രം കംപ്ലീറ്റ് ചെയ്തത്. അത്രേം സമയം കൊണ്ട് രണ്ട് മൂന്ന് സിനിമ നമുക്കിവിടെ ഷൂട്ട് ചെയ്യാമെന്ന് തോന്നുന്നു.

കഴിഞ്ഞ തവണത്തെ എന്റെ പിറന്നാൾ ബീസ്റ്റിന്റെ സെറ്റിലായിരുന്നു. ആദ്യമായിട്ടാണ് അങ്ങനെയൊരു ബർത്ത് ഡേ അനുഭവം. വിജയ് സാർ, സംവിധായകൻ നെൽസൺ സാർ, പൂജ ഒക്കെയുണ്ടായിരുന്നു. വലിയ കേക്ക് കട്ട് ചെയ്തു. അന്ന് തന്നെ മറ്റൊരു സംഭവം കൂടിയുണ്ടായി.

വിജയ് സാറിന്റെ റോൾസ് റോയ്സ് കാറിൽ ഞങ്ങൾ അഞ്ചു പേരെ അദ്ദേഹം റൈഡിന് കൊണ്ടു പോയി. സാർ വണ്ടിയോടിക്കുന്നു, ഞങ്ങൾ ബാക്കിലിരിക്കുന്നു. അത് ബർത്തേഡേയ്‌ക്ക് തന്ന ഗിഫ്ടൊന്നുമായിരുന്നില്ല. പക്ഷേ അന്നത്തെ ദിവസം അങ്ങനെയൊരു കാര്യം കൂടി നടന്നപ്പോൾ ഭയങ്കര സന്തോഷമായി. ഇനി ഇതുപോലൊരു ബർത്ത്ഡേ ആഘോഷം ഉണ്ടാകുമോയെന്നൊന്നും അറിയില്ല.

സാധാരണ പുതുതായി എന്തു പഠിച്ചാലും മടി കൊണ്ട് പാതി വഴിയിൽ ഉപേക്ഷിക്കും. അങ്ങനെ ഉപേക്ഷിക്കാത്ത കാര്യം കുതിര സവാരിയായിരുന്നു. ലോക് ഡൗൺ സമയത്തായിരുന്നു പഠിച്ചത്. ഒരു സുഹൃത്തിന്റെ കൂടെ പോയതാണ്. കണ്ടപ്പോൾ ഇഷ്ടം തോന്നി പഠിച്ചെടുത്തു.

നമ്മളേക്കാൾ വലിയൊരു മൃഗത്തെ കൺട്രോൾ ചെയ്യുന്നതാണ്. ഭാഗ്യത്തിന് ഇതുവരെയും കുതിരയുടെ പുറത്ത് നിന്നും വീണിട്ടില്ല. സാധാരണ ജിമ്മിലൊക്കെ ജോയിൻ ചെയ്താൽ നാല് ദിവസം കൊണ്ട് നിറുത്തും. പിന്നെ വീണ്ടും കുറ്റബോധം തോന്നിയിട്ടാകും പോകുന്നത്. ഇത് പക്ഷേ ഇഷ്ടത്തോടെ പഠിച്ചെടുക്കുകയായിരുന്നു." അപർണ പറഞ്ഞു.

vijay