
തിരുവനന്തപുരം : വഴിയാത്രക്കാരിയുടെ മാല പൊട്ടിച്ച് ബൈക്കിൽ രക്ഷപ്പെട്ട രണ്ടംഗ സംഘത്തിലെ ഒരാൾ അപകടത്തിൽ മരണപ്പെട്ടു. തിരുവനന്തപുരം നരുവാമൂട്ടിലാണ് മാലമോഷ്ടാക്കളായ സജാദ്, അമൽ എന്നിവർ അപകടത്തിൽ പെട്ടത്. സജാദാണ് മരണപ്പെട്ടത്. പരിക്കേറ്റ യുവാവിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്. തമിഴ്നാട്ടിലെ തക്കലയിൽ നിന്നുമാണ് ഇവർ കവർച്ച നടത്തിയത്.
പൊലീസ് നൽകുന്ന വിവരമനുസരിച്ച് തിരുവനന്തപുരം കഠിനംകുളം സ്വദേശിയാണ് അപകടത്തിൽ മരിച്ച സജാദ്. ഇയാളുടെ പേരിൽ മംഗലപുരം പൊലീസ് സ്റ്റേഷനിൽ മാല മോഷണത്തിന് കേസുണ്ട്. തമിഴ്നാട്ടിൽ നിന്നും മാല മോഷണം നടത്തി മടങ്ങവേയാണ് ഇവർ സഞ്ചരിച്ച ബൈക്ക് തിരുവനന്തപുരത്ത് പള്ളിച്ചൽ പാരൂർക്കുഴി ദേശീയ പാതയിൽ വച്ച് ഡിവൈഡറിൽ തട്ടി മറിഞ്ഞ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ സംഭവസ്ഥലത്ത് വച്ച് സജാദ് മരണപ്പെട്ടു. നമ്പർ പ്‌ളേറ്റില്ലാത്ത ബൈക്കിലാണ് ഇവർ വന്നത്. കൊളുത്തില്ലാത്ത സ്വർണമാല കണ്ടെടുത്തതാണ് മോഷണത്തിന്റെ ചുരുളഴിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ തക്കലയിൽ നിന്നും വഴിയാത്രക്കാരിയുടെ പതിനൊന്ന് പവന്റെ മാല പൊട്ടിച്ചെടുത്തത് അപകടത്തിൽ പെട്ടവരാണെന്ന് തെളിഞ്ഞു. ആശുപത്രിയിൽ കഴിയുന്ന അമലിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും. ഇയാൾ കോട്ടയം സ്വദേശിയാണ്. അമലിന്റെ കൈവശമായിരുന്നു പൊട്ടിച്ചെടുത്ത മാലയുണ്ടായിരുന്നത്.