
കൊല്ലം: മുന്‍മന്ത്രിയും ആര്‍.എസ്.പി. നേതാവുമായ ഷിബു ബേബിജോണിന്റെ വീട്ടിൽ കവർച്ച. അന്‍പതു പവനോളം സ്വർണം നഷ്ടമായെന്നാണ് പൊലീസ് പറയുന്നത്. ഷിബു ബേബിജോണിന്റെ കൊല്ലത്തുള്ള കുടുംബവീട്ടിലാണ് കവർച്ച നടന്നത്.
വീടിന്റെ മുന്‍വാതില്‍ തകര്‍ത്താണ് മോഷണം നടത്തിയിരിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൊല്ലം എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. വീടിന്റെ വാതില്‍ തുറന്ന് കവര്‍ച്ച നടത്തുന്ന മോഷ്ടാക്കളെ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം. ഇന്ന് രാവിലെയാണ് സ്വർണാഭരണങ്ങൾ മോഷണം പോയ കാര്യം വീട്ടുകാർ അറിഞ്ഞത്.
സാധാരണ രാത്രി വീട്ടിൽ ആരുമുണ്ടാകാറില്ല. ഷിബു ബേബിജോണിന്റെ അമ്മ പകൽ കുടുംബവീട്ടിലെത്തും. രാത്രി ഇവർ മകന്റെ വീട്ടിലേയ്ക്ക് മടങ്ങും. ഷിബു ബേബിജോണിന്റെ ഭാര്യയുടെ താലിമാല ഉൾപ്പടെയുള്ള ആഭരണങ്ങൾ മോഷണം പോയവയിൽ ഉൾപ്പെടുന്നു.