
തിരുവനന്തപുരം: സ്വകാര്യ ബസിൽ ടിക്കറ്റ് തുകയ്‌ക്ക് ഒരു രൂപ കുറഞ്ഞതിന് യാത്രക്കാരനായ യുവാവിനെ മർദ്ദിച്ച കണ്ടക്‌ടറും ഡ്രൈവറും അറസ്‌റ്റിൽ. സുനിൽ, അനീഷ് എന്നിവരാണ് പിടിയിലായത്. യുവാവിനെ ഇരുവരും ചേർന്ന് മർദ്ദിക്കുന്ന ദൃശ്യം സമൂഹമാദ്ധ്യമത്തിൽ ഒരു യാത്രക്കാരൻ പോസ്‌റ്റ് ചെയ്‌തതോടെയാണ് സംഭവം ശ്രദ്ധിക്കപ്പെട്ടത്. കല്ലമ്പലം സ്വദേശി ഷിറാസിനെയാണ് ഇരുവരും മർദ്ദിച്ചത്. എന്നാൽ ഷിറാസാണ് മർദ്ദിച്ചതെന്ന് കാട്ടി ആദ്യം അനീഷും സുനിലും പൊലീസിൽ പരാതി നൽകിയിരുന്നു. പക്ഷെ സമൂഹമാദ്ധ്യമത്തിൽ പ്രചരിച്ച ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് ഇരുവർക്കുമെതിരെ കേസെടുത്തു. ഷിറാസിന്റെ മൊഴിയും രേഖപ്പെടുത്തി. ഇലക്‌ട്രീഷ്യനായ ഷിറാസ് ചെയ്‌ത ജോലിയുടെ പണം വാങ്ങാൻ തിരുവനന്തപുരം നഗരത്തിലെത്തിയപ്പോഴാണ് സംഭവമുണ്ടായത്.
പേരൂർക്കട നിന്ന് പാളയത്തേക്ക് 13 രൂപ ടിക്കറ്റിന് 12 രൂപ മാത്രമേ ഷിറാസിന്റെ കൈയിലുണ്ടായിരുന്നുളളൂ ഒരു രൂപ നിർബന്ധമായും വേണമെന്നാവശ്യപ്പെട്ട് ബസ് ജീവനക്കാർ ബസ് നിർത്തിയശേഷം ഷിറാസിനെ മർദ്ദിച്ചു. പിടിയിലായവരുടെ ഡ്രൈവർ, കണ്ടക്‌ടർ ലൈസൻസ് റദ്ദാക്കും. ഇരുവരെയും സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.