ദിവസം മുഴുവൻ ഉന്മേഷത്തോടെയിരിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്. രാവിലെ കുളിച്ചൊരുങ്ങി സുന്ദരികളായി പുറത്തിറങ്ങുന്നവർ തിരിച്ചെത്തുന്നത് ആകെ വിയർത്ത് ക്ഷീണിച്ചായിരിക്കും. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇനി ക്ഷീണത്തെ പടിക്ക് പുറത്ത് നിറുത്തി സദാസമയവും ഉന്മേഷത്തോടെയിരിക്കാവുന്നതേയുള്ളൂ.
കുളിക്കുന്ന വെള്ളത്തിൽ അല്പം ചെറുനാരങ്ങ നീര് ചേർക്കുക. കുളിർമ്മ അനുഭവപ്പെടുന്നതിനോടൊപ്പം വിയർപ്പിന്റെ ദുർഗന്ധവും അകറ്റാം.
കുളിക്ക് ശേഷം ചർമ്മത്തിൽ മോസ്ചറൈസിംഗ് ക്രീം പുരട്ടുക. തേങ്ങാപ്പാൽ തേച്ചുകുളിക്കുന്നത് ശരീരത്തിൽ മോസ്ചറൈസിംഗ് ക്രീം ഉപയോഗിക്കുന്നതിന് തുല്യമാണ്.
മഞ്ഞൾ ചേർത്ത് കുളിക്കുന്നത് ദുർഗന്ധമകറ്റുന്നതോടൊപ്പം ചർമ്മകാന്തി വർദ്ധിപ്പിക്കുകയും ചെയ്യും. കണ്ണിനും സംരക്ഷണം ആവശ്യമാണ്.
കട്ടൻചായയോ വെള്ളരിക്ക നീരോ ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച ശേഷം പഞ്ഞിയിൽ മുക്കി കണ്ണിന് മുകളിൽ വച്ച് അഞ്ച്മിനിട്ട് നേരം വിശ്രമിക്കുക. കണ്ണിന് അനുഭവപ്പെടുന്ന ക്ഷീണം മാറാൻ നല്ലതാണ് ഇത്.
പുറത്തു പോയ ശേഷം വീട്ടിലെത്തിയാൽ ഉടൻ കട്ടത്തൈര്, തണ്ണിമത്തൻ, കറ്റാർവാഴ എന്നിവയിലേതെങ്കിലും മുഖത്ത് തേച്ച് പത്ത്മിനിട്ടിനു ശേഷം കഴുകി കളയാം.
ചുണ്ടുകളിലെ ഈർപ്പം നഷ്ടപ്പെട്ട് വരണ്ട് പൊട്ടാൻ സാദ്ധ്യതയുണ്ട്. ലിപ്സ്റ്റികിന് പകരം ലിപ് ബാമോ വെണ്ണയോ പുരട്ടാവുന്നതാണ്. ഇത് ചുണ്ടുകളിലെ ഈർപ്പം നിലനിറുത്താൻ സഹായിക്കും. ടൂത്ത് ബ്രഷ് ഉപയോഗിച്ച് ചുണ്ടുകൾ മൃദുവായി ഉരസുന്നത് മൃതകോശങ്ങൾ നീങ്ങാൻ സഹായിക്കും.