
തൃശൂർ: രാജ്യത്തിനു തൃശൂർ പൂരം നൽകുന്ന സമർപ്പണമാണ് ദേശീയ നേതാക്കളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയുള്ള കുടകളെന്ന് സുരേഷ് ഗോപി. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന ഈ സമയത്ത് ഇതിനു ഏറെ പ്രാധാന്യമുണ്ട്. പാറമേക്കാവ് വിഭാഗത്തിന്റെ പൂരച്ചമയ പ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗാന്ധിജി, ചന്ദ്രശേഖർ ആസാദ്, വിവേകാനന്ദൻ, ചട്ടമ്പി സ്വാമികൾ ഉൾപ്പെടെയുള്ളവരുടെ ചിത്രങ്ങൾ കുടയിലുണ്ട്. താൻ തന്നെയാണ് ഇങ്ങനെ ഒരു ആശയം മുന്നോട്ടുവച്ചതെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതി തന്നെ തൃശൂർ പൂരത്തിന്റെ വെടിക്കെട്ടിന് നിയന്ത്രണം വേണമെന്ന് പറയുന്നതിനാൽ ഇത്തവണ ഒന്നും ചെയ്യാൻ കഴിയില്ല. ഇനി വരാൻ പോകുന്ന പൂരങ്ങളിൽ സുരക്ഷ ഉറപ്പാക്കി അടുത്തു നിന്ന് വെടിക്കെട്ട് കാണാനുള്ള സംവിധാനം ഒരുക്കണം. അടുത്ത വർഷം മുതൽ ബാരിക്കേഡ് സംവിധാനമൊരുക്കി സാങ്കേതിക കാര്യങ്ങൾ കൃത്യമായി പാലിച്ച് വെടിക്കെട്ട് നടത്തണം. ഇത്തവണ നിയന്ത്രണം പാലിച്ചുമാത്രമേ പൂരത്തിന്റെ വെടിക്കെട്ട് ആസ്വദിക്കാവൂ. ആർക്കും ബുദ്ധിമുട്ടുകൾ ഉണ്ടാവാത്ത തരത്തിൽ വേണം വെടിക്കെട്ട് നടത്താൻ.