
ശ്രീനഗർ: ജമ്മുകാശ്‌മീരിലെ കുൽഗാമിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഒമ്പതുമണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ പാകിസ്ഥാനി ലഷ്‌കർ ഇ ത്വയ്ബ ഭീകരൻ ഹൈദർ അടക്കം രണ്ട് പേരെ വധിച്ചു.
ചിയാൻ ദേവ്സർ പ്രദേശത്തെ ഇരുനില കെട്ടിടത്തിൽ ഒളിച്ചിരുന്ന ഭീകരർ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് പൊലീസും സുരക്ഷാ സേനയും സംയുക്തമായി തിരിച്ചടിച്ചു.
ബന്ദിപ്പോരയിൽ അടുത്തിടെ നടന്ന രണ്ട് കുറ്റകൃത്യങ്ങളിൽ പങ്കാളിയാണ് ഹൈദരെന്ന് കാശ്‌മീർ ഐ.ജി വിജയ്‌കുമാർ പറഞ്ഞു.
കഴിഞ്ഞ നവംബറിൽ രണ്ട് ജവാന്മാർ വീരമൃത്യു വരിച്ച ആക്രമണത്തിലും ഫെബ്രുവരിയിൽ സിവിൽ പൊലീസ് ഓഫീസർ സുബൈർ അഹമ്മദ് വീരമൃത്യു വരിച്ച ഏറ്റുമുട്ടലിന്റെയും ആസൂത്രകൻ ഹൈദരായിരുന്നു.
പ്രദേശവാസിയും ഭീകരസംഘടനാംഗവുമായ ഷഹബാദ് ഷായാണ് കൊല്ലപ്പെട്ട രണ്ടാമത്തെ ഭീകരൻ. സാധാരണക്കാരെ കൊലപ്പെടുത്തിയ ആക്രമണത്തിൽ പങ്കാളിയാണിയാൾ.
കഴിഞ്ഞ ദിവസം അനന്തനാഗിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു.