dhoni-yuvraj

മുംബയ്: ഇന്ത്യൻ ക്രിക്കറ്റിന്റെ തന്നെ തലവര മാറ്റിമറിച്ച ടൂർണമെന്റായിരുന്നു 2007ലെ പ്രഥമ ടി ട്വന്റി ലോകകപ്പ്. ഒരു പരിശീലകൻ പോലുമില്ലാതെയാണ് അന്ന് ഇന്ത്യ ലോകകപ്പിൽ വിജയകൊടി പാറിച്ചത്. എന്നാൽ ആ ലോകകപ്പ് വിജയത്തിന് ഇത്രയേറെ പ്രാധാന്യം ലഭിക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്. ഒരു വൻ തകർച്ചയെ നേരിട്ടുകൊണ്ടിരുന്ന ഇന്ത്യൻ ടീമിനെ കൈപിടിച്ചുയർത്തിയ വിജയം കൂടിയായിരുന്നു അത്.

2007 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ നയിക്കാൻ മഹേന്ദ്ര സിംഗ് ധോണിയെ തിരഞ്ഞെടുക്കുന്നത് പോലും ക്രിക്കറ്റ് ആരാധകരെ ഞെട്ടിപ്പിക്കുന്ന തീരുമാനമായിരുന്നു. സെലക്ടർമാർ അന്നെടുത്ത തീരുമാനം ഏതായാലും ഭാവിയിൽ ഇന്ത്യൻ ക്രിക്കറ്റിന് ഗുണം മാത്രമേ ചെയ്തുള്ളുവെങ്കിലും അന്ന് ആ തീരുമാനത്തെ എതിർത്തവരും കുറവായിരുന്നില്ല. അന്താരാഷ്ട്ര ക്രിക്കറ്റിലോ ആഭ്യന്തര ക്രിക്കറ്റിലോ ഒരു ടീമിനെപോലും മുമ്പ് നയിച്ച് പരിചയമില്ലാത്ത ധോണിയെ ക്യാപ്ടനാക്കുന്നതിനോടായിരുന്നു അന്ന് പലർക്കും എതിർപ്പ്.

അന്ന് യഥാർത്ഥത്തിൽ ക്യാപ്ടനാകേണ്ടിയിരുന്നത് ധോണിയല്ല മറിച്ച് താനായിരുന്നെന്നും എന്നാൽ അന്ന് ടീമിനുള്ളിൽ നടന്ന ചില പടലപ്പിണക്കങ്ങളിൽ താൻ എടുത്ത ചില നിലപാടുകളെ തുടർന്ന് തന്നെ ക്യാപ്ടൻ ആക്കേണ്ടെന്ന് സെലക്ടർമാർ തീരുമാനിക്കുകയായിരുന്നെന്നും മുൻ ഇന്ത്യൻ താരം യുവ്‌രാജ് സിംഗ് പറയുന്നു. 2007ൽ വെസ്റ്റിൻഡീസിൽ നടന്ന ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ ദയനീയ പ്രകടനം ടീമിനുള്ളിൽ വലിയ കലാപം സൃഷ്ടിച്ചിരുന്നെന്നും അതിന് ആക്കം കൂട്ടുന്നതായിരുന്നു സച്ചിൻ ടെൻഡുൽക്കറും പരിശീലകൻ ഗ്രെഗ് ചാപ്പലും തമ്മിൽ നടന്ന തർക്കമെന്നും യുവ്‌രാജ് സിംഗ് പറഞ്ഞു.

ഒരു ഘട്ടത്തിൽ സച്ചിനോ ചാപ്പലോ എന്ന നില വരെ ആ തർക്കമെത്തിയെന്നും അന്ന് താൻ സച്ചിന്റെ പക്ഷം പിടിക്കുകയായിരുന്നെന്നും യുവ്‌രാജ് പറഞ്ഞു. ഒരു സഹതാരം എന്ന നിലയിലായിരുന്നു സച്ചിന് താൻ അന്ന് പിന്തുണ നൽകിയതെന്നും എന്നാൽ തന്റെ ആ തീരുമാനം സെലക്ടർമാരുടെ ഇടയിൽ അപ്രീതിയുണ്ടാക്കിയതായി യുവ്‌രാജ് പറയുന്നു. അന്ന് ബിസിസിഐക്കുള്ളിൽ എല്ലാവരും സച്ചിന് എതിരായിരുന്നെന്നും അതിനാൽ തന്നെ സച്ചിനെ പിന്തുണച്ചു എന്ന ഒറ്റകാരണത്താൽ തന്നെ ക്യാപ്ടൻ ആക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നെന്നും യുവ്‌രാജ് ആരോപിക്കുന്നു. തന്നെയല്ലാതെ വേറെയാരെ വേണമെങ്കിലും ക്യാപ്ടൻ ആക്കാം എന്നായിരുന്നു സെലക്ടർമാർക്ക് ലഭിച്ച നി‌‌ർദ്ദേശമെന്ന് പിന്നീട് താൻ അറിഞ്ഞതായും യുവ്‌രാജ് പറഞ്ഞു.