
മലയാളികളുടെ അടുക്കളകളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ഉലുവ. ഭക്ഷണത്തിന് രുചി കൂട്ടുക എന്നതിലുപരി ഉലുവയുടെ ആരോഗ്യ ഗുണങ്ങൾ ഏറെയാണ്. ഫോളിക് ആസിഡ്, വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവ ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.
ദിവസവും വെറും വയറ്റിൽ ഒരു ഗ്ലാസ് ഉലുവ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ നല്ലതാണ്. രാത്രി മുഴുവൻ ഉലുവ വെള്ളത്തിൽ കുതിർക്കാൻ ഇട്ട ശേഷം രാവിലെ കുടിക്കുന്നതാണ് കൂടുതൽ നല്ലത്. പ്രമേഹമുള്ളവരിൽ ബ്ലഡ് ഷുഗർ കുറയ്ക്കാൻ ഉലുവ വെള്ളത്തിന് സാധിക്കുമെന്ന് വിവിധ പഠനങ്ങളിൽ പറയുന്നുണ്ട്. ഇത് കൂടാതെ ഉപാപചയ പ്രവർത്തനം വർദ്ധിപ്പിക്കാനും ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാനും ഉലുവ വെള്ളത്തിന് കഴിയും. ഉലുവ വെള്ളം പതിവായി കഴിക്കുന്നത് ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു. ഉലുവയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ കെ, വിറ്റാമിൻ സി എന്നിവ ചർമ്മത്തിലെ തിണർപ്പുകളും കറുത്ത പാടുകളും മാറാൻ സഹായിക്കും.