
ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ അനുമതി ലഭിച്ചു
ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിമൂലം പ്രവർത്തനം നിറുത്തിയ ജെറ്റ് എയർവേസ് വീണ്ടും ചിറകുവിരിക്കാനൊരുങ്ങുന്നു. പ്രവർത്തനം പുനരാരംഭിക്കുന്നതിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ അനുമതി കമ്പനി സ്വന്തമാക്കി.
വാണിജ്യ സർവീസുകൾ പുനരാരംഭിക്കുന്നതിന് ഡയറക്‌ടറേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷന്റെ (ഡി.ജി.സി.എ) 'ഓപ്പറേറ്റർ സർട്ടിഫിക്കറ്റ്" വേണം. ഇതിനുള്ള 90 മിനിട്ട് പരീക്ഷണപ്പറക്കൽ കഴിഞ്ഞയാഴ്‌ച ജെറ്റ് എയർവേസ് ഹൈദരാബാദിൽ നടത്തിയിരുന്നു. ഡി.ജി.സി.എ ഉദ്യോഗസ്ഥരും ജെറ്റ് അധികൃതരും ഉൾപ്പെടെയുള്ളവരുമായി മറ്റൊരു പരീക്ഷണപ്പറക്കൽ കൂടി ഉടൻ നടത്തും. ഇതിനുശേഷമാകും ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് ലഭിക്കുക. തുടർന്ന്, കമ്പനിക്ക് വീണ്ടും പ്രവർത്തനം തുടങ്ങാം. ഏതാനും മാസങ്ങൾക്കകം സർവീസുകൾ പുനരാരംഭിക്കാൻ ജെറ്റിന് കഴിഞ്ഞേക്കും.
ഒരുകാലത്ത് ഇന്ത്യയിലെ ശ്രദ്ധേയ സ്വകാര്യ വിമാനക്കമ്പനിയായിരുന്ന ജെറ്റ് എയർവേസ് 2019 ഏപ്രിൽ 17ന് പ്രവർത്തനം നിറുത്തുകയായിരുന്നു. നരേഷ് ഗോയലായിരുന്നു കമ്പനിയുടെ പ്രമോട്ടർ. പിന്നീട് ദുബായ് വ്യവസായിയായ മുരാരി ജലാൻ, ബ്രിട്ടീഷ് കമ്പനിയായ കൽറോക്ക് കാപ്പിറ്റൽ എന്നിവർ ചേർന്ന കൺസോർഷ്യം ജെറ്റിനെ ഏറ്റെടുത്തു. സ്‌പൈസ് ജെറ്റ്, ഗോഎയർ, വിസ്‌താര എന്നിവയിൽ സുപ്രധാന പദവികൾ വഹിച്ചിരുന്ന സഞ്ജീവ് കപൂറാണ് ജെറ്റ് എയർവേസ് സി.ഇ.ഒ.
മങ്ങിയ പ്രതാപം
1993ൽ പ്രവാസി വ്യവസായി നരേഷ് ഗോയൽ സ്ഥാപിച്ചതാണ് ജെറ്റ് എയർവേസ്. 2016 വരെ 20 ശതമാനത്തിനുമേൽ വിപണിവിഹിതവുമായി ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനികളിലൊന്നായിരുന്നു ജെറ്റ്. കടബാദ്ധ്യതകളെ തുടർന്ന് 2019ൽ പ്രവർത്തനം അവസാനിപ്പിച്ചു.