
തൃശൂർ : തൃശൂർ പൂരത്തിന് പാറമേക്കാവ് വിഭാഗം കുടമാറ്റത്തിനായി പുറത്തിറക്കിയ സ്‌പെഷ്യൽ കുടകളിൽ സവർക്കറുടെ ചിത്രം ഉൾപ്പെടുത്തിയതിനെ തുടർന്നുള്ള വിവാദത്തിനൊടുവിൽ കുടകൾ പിൻവലിച്ചു. സ്വാതന്ത്ര്യ സമരസേനാനികളുടേയും സാമൂഹ്യ പരിഷ്കർത്താക്കളുടെയും ചിത്രത്തിനൊപ്പമാണ് ആർ.എസ്.എസ് സ്ഥാപക ആചാര്യൻ വി.ഡി. സവർക്കറുടെ ചിത്രം കൂടി ഉൾപ്പെടുത്തിയത് അതേസമയം, ഗാന്ധിജിയും വിവേകാനന്ദനും സുഭാഷ് ചന്ദ്രബോസും മന്നത്ത് പത്മനാഭനും ചട്ടമ്പിസ്വാമികളും അടക്കമുള്ളവരുടെ ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുള്ള കുടകളിൽ ശ്രീനാരായണ ഗുരുവിനെ ഉൾപ്പെടുത്താതിരുന്നത് ചർച്ചയായി.
സവർക്കറുടെ ചിത്രത്തെച്ചൊല്ലി സമൂഹ മാദ്ധ്യമങ്ങളിലാണ് ആദ്യം വിവാദം ഉയർന്നത്. മന്ത്രിമാരായ കെ. രാധാകൃഷ്ണനും കെ.രാജനും സർക്കാരിന്റെ അതൃപ്തി ദേവസ്വങ്ങളെ നേരിട്ട് അറിയിച്ചതായി സൂചനയുണ്ട്. യൂത്ത് കോൺഗ്രസ്, എ.ഐ.എസ്.എഫ് നേതാക്കളും പ്രതിഷേധിച്ചു. കുടകൾ മാറ്റണമെന്ന് പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പാറമേക്കാവ് വിഭാഗത്തിന്റെ ചമയ പ്രദർശനം ഉദ്ഘാടനം ചെയ്ത സുരേഷ് ഗോപിയാണ് 'ആസാദി കുട' പുറത്തിറക്കിയത്. സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയായതോടെ ആസാദി കാ അമൃത് മഹോത്സവവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുറത്തിറക്കിയ പട്ടികയിൽ ഉൾപ്പെട്ട നേതാക്കളുടെ ചിത്രങ്ങളാണ് കുടയിലെന്നായിരുന്നു പാറമേക്കാവിന്റെ വിശദീകരണം.