uma-thomas

കൊച്ചി: പി ടി തോമസിനോട് ഉണ്ടായിരുന്ന എതിർപ്പ് ഭാര്യയും തൃക്കാക്കര മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥിയുമായ ഉമ തോമസിനോടില്ലെന്ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ഗാഡ്ഗിൽ റിപ്പോർട്ടിലെ നിലപാട് കൊണ്ടാണ് പി ടിയെ എതിർത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

ജോ ജോസഫ് സഭാ സ്ഥാനാർത്ഥിയാണെന്ന വാദം ശരിയല്ലെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. ളോഹയിട്ടവർ രാഷ്ട്രീയം പറയേണ്ടെന്ന് നേതാക്കൾ വിലക്കേണ്ടെന്നും വിശ്വാസികൾ മനസാക്ഷി വോട്ട് ചെയ്യട്ടെയെന്നും ആർച്ച് ബിഷപ്പ് വ്യക്തമാക്കി.

അതേസമയം യു ഡി എഫ് സ്ഥാനാർത്ഥിയായ ഉമ തോമസും എൽ ഡി എഫ് സ്ഥാനാർത്ഥിയായ ഡോ. ജോ ജോസഫും ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. ജോ ജോസഫ് രാവിലെ പതിനൊന്നുമണിക്കും ഉമ തോമസ് 11.45നും കളക്ട്രേറ്റിലെത്തിയാണ് പത്രിക നൽകുക. ബി ജെ പി സ്ഥാനാർത്ഥിയായ എ എൻ രാധാകൃഷ്ണൻ നാളെ പത്രിക സമർപ്പിക്കും.

ഈ മാസം പതിനൊന്നുവരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 12ന് സൂക്ഷ്മപരിശോധന നടക്കും. സമര്‍പ്പിച്ച പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന തീയതി മേയ് 16 ആണ്. മേയ് 31നാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ജൂണ്‍ മൂന്നിന് നടക്കും.