
രൂപയുടെ വിനിമയമൂല്യം ചരിത്രത്തിലെ തന്നെ ഏറ്റവും താഴ്ന്ന നിലയിൽ. സെൻസെക്സ് 550 പോയിന്റോളമാണ് ഇടിവ്. വിദേശ നിക്ഷേപങ്ങളുടെ പിൻവലിയലാണ് രൂപയുടെ മൂല്യതകർച്ചയ്ക്ക് പിന്നിൽ. ഇതിന്റെ ഭാഗമായി ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിലെത്തി. 17.7ബില്യൻ ഡോളർ നിക്ഷേപമാണ് ഈ വർഷം ഇന്ത്യൻ വിപണിയിൽ നിന്നും പിൻവലിക്കപ്പെട്ടത്.
77രൂപ 20പൈസയ്ക്കാണ് ഡോളറിന്റെ ഇടപാടുകൾ വിനിമയ വിപണിയിൽ നടക്കുന്നത്. മാർച്ചിൽ രേഖപ്പെടുത്തിയ റെക്കോർഡിനെ ഇത് മറികടന്നിരിക്കുകയാണ്. ഡോളറിന്റെ കരുതൽ ശേഖരത്തിലും ഇതുമൂലം കുറവുണ്ടായിരിക്കുകയാണ്. കരുതൽ ശേഖരം 600ബില്യൺ ഡോളറിന് താഴെയെത്തി. കഴിഞ്ഞ വർഷം ജൂണിന് ശേഷം കരുതൽ ശേഖരം കുറയുന്നത് ഇതാദ്യമായാണ്.
വർദ്ധിച്ചുവരുന്ന കറന്റ് അക്കൗണ്ടിലെ കുറവ്, ആഗോള ക്രൂഡ് വിലയിലെ കുതിച്ചുചാട്ടം എന്നിവയുൾപ്പെടെയുള്ള മറ്റ് പ്രശ്നങ്ങളും കറൻസിയെ ബാധിച്ചു. റിസർവ് ബാങ്ക് ഒഫ് ഇന്ത്യ കഴിഞ്ഞയാഴ്ച റെപ്പോ നിരക്കുകൾ വർദ്ധിപ്പിച്ചിട്ടുപോലും രൂപയുടെ മൂല്യത്തകർച്ച തടയാനായില്ല. റഷ്യ-യുക്രെയിൻ സംഘർഷം, എണ്ണവിലയിലെ കുതിപ്പ്, അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് എന്നിവയെല്ലാം രാജ്യത്തെ സമ്പദ്ഘടനയെ സ്വാധീനിച്ചിട്ടുണ്ട്. വിദേശ നിക്ഷേപങ്ങളുടെ കൂട്ടത്തോടെയുള്ള കൊഴിഞ്ഞുപോക്കും രൂപയുടെ മൂല്യത്തെ റെക്കോർഡ് ഇടിവിലേയ്ക്ക് എത്തിക്കുകയായിരുന്നു.