
പണമിടപാടിനായി ഇന്ന് ഏവരും ആശ്രയിക്കുന്നത് യുപിഐ ആപ്പുകളെയാണ്. വേഗത്തിലും സുരക്ഷിതവും ലളിതവുമായി ഡിജിറ്റൽ പണമിടപാട് നടത്താൻ ഇത് തന്നെയാണ് ഏറ്റവും മികച്ച വഴി ഇത് തന്നെയാണ്. ഏകദേശം 150 ദശലക്ഷത്തിലധികം ആൾക്കാരാണ് ഇന്ത്യയിൽ യുപിഐ ഉപയോഗിക്കുന്നത്. പല വിധത്തിലുള്ള യുപിഐ ആപ്പുകൾ പ്ലേ സ്റ്റോറിൽ ഇപ്പോൾ ലഭ്യമാണ്.
ക്യാഷ് ബാക്ക്, മറ്റ് ഓഫറുകൾ, ഉപയോഗിക്കാനുള്ള എളുപ്പം തുടങ്ങി പല ഘടകങ്ങൾ കൊണ്ട് പലരും പല ആപ്പുകളെയാണ് ആശ്രയിക്കുന്നത്. ഗൂഗിൾ പേ, പേ ടിഎം, ഫോൺ പേ, ആമസോൺ പേ തുടങ്ങിയവയാണ് ഏറ്റവും കൂടുതൽ പേർ ആശ്രയിക്കുന്ന യുപിഐ ആപ്പുകൾ.

ഒരു പണമിടപാട് നടത്തുമ്പോൾ പണം അയക്കുന്ന ആളിന്റെയും പണം സ്വീകരിക്കുന്ന ആളിന്റെയും യുപിഐ ആപ്പുകൾ ഒന്ന് തന്നെയാണെങ്കിൽ സംഗതി എളുപ്പമാണ്. ആപ്പിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഫോൺ നമ്പർ മാത്രം രേഖപ്പെടുത്തിയാൽ മതി. ഇടപാട് ലളിതമായി നടക്കും. എന്നാൽ രണ്ട് പേരും വെവ്വേറെ ആപ്പുകളാണ് ഉപയോഗിക്കുന്നതെങ്കിൽ കുഴങ്ങി. ഈ സാഹചര്യത്തിൽ എന്താണ് ചെയ്യേണ്ടതെന്ന് പലർക്കും അറിവില്ല.
ഇത്തരം സാഹചര്യങ്ങളിൽ ഇടപാട് നടത്താൻ നമ്മുടെ മുന്നിൽ രണ്ട് വഴികളാണുള്ളത്. ഒന്ന് ക്യൂ ആർ കോഡ് ഉപയോഗിച്ചും രണ്ട് യുപിഐ ഐഡി ഉപയോഗിച്ചും.
1. ക്യൂ ആർ കോഡ്
ഈ വഴി പലർക്കും പരിചിതമാണ്. പണം സ്വീകരിക്കേണ്ട ആൾ തന്റെ ഫോണിലെ യുപിഐ ആപ്പിൽ ഷോ ക്യൂ ആർ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ സ്ക്രീനിൽ തെളിഞ്ഞുവരുന്ന ക്യൂ ആർ കോഡ് പണം അയക്കേണ്ട ആൾ അയാളുടെ ഫോണിലെ യുപിഐ ആപ്പിലെ സ്കാൻ ക്യൂ ആർ എന്ന ഓപ്ഷൻ ഉപയോഗിച്ച് സ്കാൻ ചെയ്യുകയേ വേണ്ടൂ.

ഇതിന് ശേഷം സാധാരണ പോലെ എത്ര പണം അയക്കണമെന്നും പിൻ നമ്പരും രേഖപ്പെടുത്തിക്കൊണ്ട് പണമിടപാട് നടത്താം. നാം കടകളിൽ ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് പണം അയക്കുന്ന അതേ വിദ്യതന്നെയാണിത്.
2. യു പി ഐ ഐഡി
യുപിഐ ആപ്പ് ഉപയോഗിക്കുന്ന എല്ലാവർക്കും ആ ആപ്പിന്റെ തന്നെ ഒരു ഐഡി ഉണ്ടാകും. ഇതിനെ വിർച്വൽ പേയ്മെന്റ് അഡ്രസ് എന്നും അറിയപ്പെടുന്നുണ്ട്. ഓരോ ആപ്പിനും അതിന്റേതായ ഐഡിയുണ്ടാകും. സാധാരണ ഫോൺ നമ്പർ @ ആപ്പിന്റെ പേര് അല്ലെങ്കിൽ ഫോൺ നമ്പർ @ അക്ഷരങ്ങൾ എന്ന രൂപത്തിലാണ് ഇവയുണ്ടാവുക. ഗൂഗിൾ പേ ഉപയോക്താക്കൾക്ക് അവരുടെ ഈ മെയിൽ @ സേവനം നൽകുന്ന ബാങ്കിന്റെ പേര് എന്ന രൂപത്തിലാണ് ഐഡി കാണിക്കുക.
പണം അയക്കേണ്ട ആൾ തന്റെ യുപിഐ ആപ്പിനുള്ളിൽ സെൻഡ് ടു യുപിഐ ഐഡി എന്ന ഓപ്ഷനാണ് തിരഞ്ഞെടുക്കേണ്ടത്. അതിനുള്ളിൽ അയാളുടെ ഐഡി രേഖപ്പെടുത്തിയ ശേഷം വെരിഫൈ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം. വെരിഫിക്കേഷൻ കഴിഞ്ഞാൽ അയക്കുന്ന ആളിന്റെ പേര് ഫോണിൽ ദൃശ്യമാകും. അതിന് ശേഷം എത്ര പണം ആണോ അയക്കേണ്ടത് അത് രേഖപ്പെടുത്തുകയും ശേഷം പിൻ കൊടുക്കുകുയം വഴി ഇടപാട് പൂർത്തിയാക്കാം.
സ്വന്തം യുപിഐ ഐഡി എങ്ങനെ കണ്ടെത്താം?
യുപിഐ ആപ്പിൽ തന്നെയാണ് ഐഡി കാണിക്കുക. ബാങ്കുമായി ഇതിന് യാതൊരു ബന്ധവുമില്ല. ഓരോ ആപ്പിലും ഓരോ ഭാഗത്താണ് ഇത് ദൃശ്യമാവുക. രാജ്യത്ത് ഏറ്റവും അധികം ആൾക്കാർ ഉപയോഗിക്കുന്ന ചില ആപ്ലിക്കേഷനുകളിൽ എവിടെയാണ് യുപിഐ ആപ്പ് കാണിക്കുക എന്ന് ചുവടെ പരിശോധിക്കുക.
1. ഗൂഗിൾ പേ
-ഗൂഗിൾ പേ ആപ്പ് തുറക്കുക
-മുകളിൽ വലത് വശത്ത് നിങ്ങളുടെ പ്രൊഫൈൽ ഫോട്ടോ കാണാം. അതിൽ ക്ലിക്ക് ചെയ്യുക
-ഒന്നിലധികം അക്കൗണ്ട് ഉള്ളവരാണെങ്കിൽ ഏത് അക്കൗണ്ടിന്റെ ഐഡി ആണോ വേണ്ടത് ആ അക്കൗണ്ടിൽ ക്ലിക്ക് ചെയ്യുക
-യുപിഐ ഐഡി എന്ന ഭാഗത്ത് ഐഡി ദൃശ്യമാകും

ഗൂഗിൾ പേ ആപ്പിന്റെ ഐഡിയുടെ മാതൃക
ഈമെയിൽ@ബാങ്കിന്റെ പേര്
gmail@oksbi, gmail@icici
2. ഫോൺ പേ
-ഫോൺ പേ ആപ്പ് തുറക്കുക
-മുകളിൽ ഇടത് വശത്തുള്ള പ്രൊഫൈൽ ഫോട്ടോയിൽ ക്ലിക്ക് ചെയ്യുക
-യുപിഐ സെറ്റിംഗ്സിൽ ക്ലിക്ക് ചെയ്യുക
-ഓരോ അക്കൗണ്ടിന്റെയും യുപിഐഡി ദൃശ്യമാകും

ഫോൺ പേ ആപ്പിന്റെ ഐഡിയുടെ മാതൃക
ഫോൺനമ്പർ@വൈബിഎൽ
123456789@ybl
3. പേ ടിഎം
-പേ ടിഎം ആപ്പ് തുറക്കുക
-മുകളിൽ ഇടത് ഭാഗത്തുള്ള പ്രൊഫൈൽ ഫോട്ടോയിൽ ക്ലിക്ക് ചെയ്യുക
-നിങ്ങളുടെ ക്യൂ ആർ കോഡും യുപിഐ ഐഡിയും സ്ക്രീനിൽ ദൃശ്യമാകും.

പേ ടിഎം ആപ്പിന്റെ ഐഡിയുടെ മാതൃക
ഫോൺനമ്പർ@പേടിഎം
123456789@paytm
4. ആമസോൺ പേ
-ആമസോൺ ഷോപ്പിംഗ് ആപ്പ് തുറക്കുക
-സ്ക്രീനിൽ ആമസോൺ പേ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത് ഷോപ്പിംഗ് ആപ്പിൽ നിന്ന് ആമസോൺ പേ പേജിലേക്ക് പോവുക
-ആ സ്ക്രീനിൽ തന്നെ ഐഡി ദൃശ്യമായിരിക്കും

ആമസോൺ പേ ആപ്പിന്റെ ഐഡിയുടെ മാതൃക
ഫോൺനമ്പർ@എപിഎൽ
123456789@apl