uma-thomas

കൊച്ചി: തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് നാമനിർദേശ പത്രിക സമർപ്പിച്ചു. ഇന്ധനവിലയിൽ പ്രതിഷേധിച്ച് സൈക്കിൾ റിക്ഷയിലാണ് അവർ നാമനിർദേശ പത്രിക നൽകാനെത്തിയത്. ഹൈബി ഈഡനും ജെബി മേത്തറിനും ഡിസിസി പ്രസിഡന്റിനുമൊപ്പമാണ് ഉമ എത്തിയത്.

എൽഡി എഫ് സ്ഥാനാർത്ഥി ജോ ജോസഫും ഇന്ന് രാവിലെ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. മൂന്ന് സെറ്റ് പത്രികയാണ് സമർപ്പിച്ചത്. പതിനൊന്നുമണിയോടെ ജോസ് കെ മാണി,​ സ്വരാജ് അടക്കമുള്ള നേതാക്കൾക്കൊപ്പം കളക്‌ടറേറ്റിലെത്തിയാണ് ജോ ജോസഫ് പത്രിക നൽകിയത്.

അതേസമയം, ബി ജെ പി സ്ഥാനാർത്ഥിയായ എ എൻ രാധാകൃഷ്ണൻ നാളെയാണ് പത്രിക സമർപ്പിക്കുന്നത്. ഈ മാസം പതിനൊന്നുവരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. മേയ് 12നാണ് നാമനിർദേശ പത്രികയുടെ സൂക്ഷ്മപരിശോധന. സമര്‍പ്പിച്ച പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന തീയതി മേയ് 16 ആണ്. മേയ് 31നാണ് തിരഞ്ഞെടുപ്പ്. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണൽ.

തൃക്കാക്കര എം എൽ എയായിരുന്ന പി ടി തോമസിന്റെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. യു ഡി എഫിന്റെ സിറ്റിംഗ് സീറ്റ് ആണെങ്കിൽ കൂടി ഈ ഉപതിരഞ്ഞെടുപ്പ് വിജയിച്ചാൽ നിയമസഭയിൽ എൽ ഡി എഫിന് നൂറ് സീറ്റുകൾ തികയ്ക്കാനാകും.