സുരാജ് വെഞ്ഞാറമൂട് എന്ന നടൻ പകർന്നാടിയ വേഷങ്ങൾ നിരവധിയാണെങ്കിലും പ്രേക്ഷകരുടെ മനസിൽ ആദ്യം ഓടിയെത്തുക ദശമൂലം ദാമുവായിരിക്കും. ട്രോളന്മാർ ഏറ്റവുമധികം ഉപയോഗിച്ച് ഹിറ്റാക്കിയ കഥാപാത്രം.
അതേ പേരിൽ, അതേ കഥാപാത്രമായി വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുമെന്ന പ്രതീക്ഷ പങ്കുവയ്‌ക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ നിന്നും...
'ദശമൂലം ദാമു വീണ്ടും വരികയാണ്. സിനിമ ഷൂട്ട് ചെയ്യുന്ന സമയത്ത് എനിക്ക് അറിയുമായിരുന്നില്ല ഈ വേഷം ഇത്ര ചർച്ച ചെയ്യുമെന്ന്. അതിന് ഇത്രയും വകഭേദങ്ങളുണ്ടെന്ന് കാണിച്ചു തന്നത് ട്രോളന്മാരാണ്. അതുകാരണം പ്രെഷർ കൂടിയിട്ടാണ് വീണ്ടും ഒരു സിനിമ കൂടി ചെയ്യുന്നത്. ഏതു കോളേജിൽ ചെന്നാലും എന്റെ ഫ്ലക്സിൽ ഒറിജിനൽ ഫോട്ടോയും കാണും, ഒരു വശത്ത് ദശമൂലം ദാമുവും കാണും.
ഈ വർഷം തന്നെ ചിത്രത്തിന്റെ ഷൂട്ട് തുടങ്ങും. ആൻഡ്രോയിഡ് കുഞ്ഞപ്പന്റെ സംവിധായകൻ രതീഷ് പൊതുവാളാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരുപാട് വട്ടം ആലോചിച്ചിട്ടാണ് ഈ കഥാപാത്രം ചെയ്യാമെന്ന് വീണ്ടും തീരുമാനിക്കുന്നത്. പ്രേക്ഷകർ പ്രതീക്ഷിക്കുന്ന അത്രയും ഉയരത്തിൽ അത് എത്തിക്കണം. ഷാഫി സാറാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്.
വളരെ സെൻസിറ്റീവായ വിഷയം ആയതുകൊണ്ട് തൊട്ടു കഴിഞ്ഞാൽ കത്തുമെന്ന് സാറിനറിയാം. അതുകൊണ്ട് അദ്ദേഹം ഇത്തവണ ഒഴിഞ്ഞു മാറി. നിങ്ങൾ ചെയ്തോ ഞാൻ പ്രൊഡ്യൂസ് ചെയ്യാമെന്ന് ഏറ്റു. പുതിയ ദശമൂലം എങ്ങനെയായിരിക്കുമെന്ന് എനിക്കും സത്യത്തിൽ അറിയില്ല. ഈ വർഷം അവസാനമായിരിക്കും ഷൂട്ട് തുടങ്ങുക. "
