kk

ന്യൂഡൽഹി : നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങൾ ചോർന്നതിനെക്കുറിച്ച് പരിശോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് അതിജീവിത കത്തയച്ചു. വിചാരണക്കോടതിയുടെ പക്കലുള്ള മെമ്മറി കാർഡിൽ കൃത്രിമം നടന്നോ എന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നും അതിജീവിത കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും കത്തില്‍ പറയുന്നു.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യാ മാധവനെ ചോദ്യംചെയ്യുന്ന നടപടി പൂര്‍ത്തിയായി. ദിലീപിന്റെ ആലുവയിലെ ' പദ്മസരോവരം' വീട്ടില്‍ ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച ചോദ്യംചെയ്യല്‍ നാലര മണിക്കൂറോളം നീണ്ടുനിന്നു. വൈകിട്ട് 4.40-ഓടെയാണ് ക്രൈംബ്രാഞ്ച് സംഘം വീട്ടില്‍നിന്ന് മടങ്ങിയത്.നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണവുമായും ദിലീപ് പ്രതിയായ വധഗൂഢാലോചനാ കേസുമായും ബന്ധപ്പെട്ടാണ് കാവ്യാ മാധവനെ തിങ്കളാഴ്ച ചോദ്യംചെയ്തത്. അതേസമയം, കാവ്യ ചോദ്യംചെയ്യലുമായി സഹകരിച്ചോ ഇല്ലയോ എന്നകാര്യം ഉദ്യോഗസ്ഥര്‍ ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. കാവ്യയുടെ മൊഴി പരിശോധിച്ച ശേഷം അന്വേഷണസംഘം തുടര്‍നടപടികളിലേക്ക് കടക്കും.നടിയെ ആക്രമിച്ച കേസിലെ സാക്ഷിയാണ് കാവ്യാ മാധവന്‍.

അതിനിടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിൽ നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപ് കോടതിയിൽ മറുപടി നൽകി. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും തനിക്കെതിരെ കളളത്തെളിവുകൾ ഉണ്ടാക്കാനാണ് അന്വേഷണ സംഘത്തിന്‍റെ ശ്രമമെന്നുമാണ് ദിലീപിന്‍റെ ആരോപണം. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിച്ച ദിലീപിന്‍റെ ജാമ്യം റദ്ദാക്കി റിമാൻ‍ഡ് ചെയ്യണമെന്നാണ് പ്രോസിക്യഷൻ ആവശ്യം