
ചേർത്തല: എസ്.എച്ച് കോളേജ് ഒഫ് നഴ്സിംഗിനെതിരായ വിദ്യാർത്ഥികളുടെ പരാതിയിൽ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു ചേർത്തല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എച്ച് നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ റൂബി ജോണിനെ ഉപരോധിച്ചു. വൈസ് പ്രിൻസിപ്പൽ ഉൾപ്പെടെ വിദ്യാർത്ഥികൾ ആക്ഷേപം ഉന്നയിച്ച കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുമെന്നുമുള്ള ഉറപ്പിൻമേൽ സമരം അവസാനിപ്പിച്ചു. വിദ്യാർത്ഥിനികളുമായും കെ.എസ്.യു, യൂത്ത് കോൺഗ്രസ് നേതാക്കൾ സംസാരിച്ചു. ഉപരോധം യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ രൂപേഷ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ലൈംഗിക അധിക്ഷേപത്തിനും മനുഷ്യാവകാശ ലംഘനത്തിനും വൈസ് പ്രൻസിപ്പലിനെതിരെ കേസെടുക്കണമെന്ന് കെ.ആർ രൂപേഷ് ആവശ്യപ്പെട്ടു. കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ് ആർ.രവി പ്രസാദ്,ജില്ലാ ജനറൽ സെക്രട്ടറി എൻ.ജെ.അനന്തു,യൂത്ത് കോൺഗ്രസ് ജില്ലാ നിർവാഹക സമിതി അംഗം അർജുൻ ആര്യക്കരവെളി,കെ.എസ്.യു പ്രവർത്തകരായ ജിഷാദ്,ആദിൽ എന്നിവർ നേതൃത്വം നൽകി.