ae

ചേർത്തല: എസ്.എച്ച് നഴ്‌സിംഗ് കോളേജിനെതിരെ വിദ്യാർത്ഥികൾ ഉയർത്തിയ പരാതികളിൽ ആരോഗ്യ സർവകലാശാല തെളിവെടുപ്പ് തുടങ്ങി. വിദ്യാർത്ഥികളുടെ പരാതികളടങ്ങിയ റിപ്പോർട്ട് നഴ്‌സിംഗ് കൗൺസിൽ സർവകലാശാലയ്ക്ക് കൈമാറിയിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച സർവകലാശാലാ അധികൃതർ കോളേജിലെത്തി വിദ്യാർഥികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും സംഭവത്തിൽ ഇടപെട്ട് വിവരങ്ങൾ തേടിയിട്ടുണ്ട്.
വിദ്യാർത്ഥികളെ ചൂഷണം ചെയ്യുന്നതായ പരാതിയെ തുടർന്നാണ് കഴിഞ്ഞ ദിവസം നഴ്‌സിംഗ് കൗൺസിലംഗങ്ങൾ കോളേജിലെത്തി വിദ്യാർത്ഥികളിൽ നിന്നും വിവരങ്ങൾ തേടിയത്. അംഗങ്ങൾക്കു മുന്നിൽ വിദ്യാർത്ഥികൾ ഗൗരവമായ പരാതികൾ ഉയർത്തിയതിന്റെ അടിസ്ഥാനത്തിലാണ് സർവകലാശാലയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചത്.
വിദ്യാർത്ഥികൾ ഉയർത്തിയ പരാതികളുടെ അടിസ്ഥാനത്തിൽ നഴ്‌സിംഗ് കൗൺസിൽ നിർദ്ദേശിച്ച പ്രകാരം രക്ഷകർത്താക്കളുടെ യോഗം ഇന്ന് നടക്കും. യോഗത്തിൽ രക്ഷകർത്താക്കളുടെ നിലപാടുകൾ നിർണായകമാകുമെന്നാണ് കരുതുന്നത്.