
ടെക്‌സാസ്: കണ്ടപ്പോൾ തോന്നിയ ഒരു കൗതുകത്തിനാണ് വെളുത്ത ഒരു അർദ്ധകായ പ്രതിമ ലോറ യംഗ് എന്ന യുവതി സ്വന്തമാക്കിയത്. അതും തുച്ഛമായ 35 ഡോളറിന്(ഏകദേശം 2700 രൂപ). വഴിയോരക്കടയിൽ നിന്നും വാങ്ങിയ ഈ ശിൽപം പക്ഷെ ഒരു സാധാരണ വിലകുറഞ്ഞതരം ശിൽപമല്ലെന്ന് ലോറയ്‌ക്ക് തോന്നി.
23 കിലോ ഭാരമുണ്ടായിരുന്ന വെളുത്ത ശിൽപം 2018ലാണ് ലോറ വാങ്ങിയത്. പിന്നീട് പ്രതിമ മാർബിൾ ആണെന്ന് മനസിലായപ്പോൾ ലോറ ഇതിന്റെ ചിത്രമെടുത്ത് അന്വേഷിക്കാൻ തുടങ്ങി. ഞെട്ടിക്കുന്ന കണ്ടെത്തലാണ് അവർക്കുണ്ടായത്. 2000ത്തോളം വർഷം പഴക്കമുളള ശിൽപമാണത്. റോം ഭരിച്ചിരുന്ന ജൂലിയസ് സീസറോ അതിന് ശേഷം ക്ളൗഡിയസ് സീസറിന്റെയോ കാലത്ത് റോമൻ ജനറലായിരുന്ന നീറോ ക്ളൗഡിയസ് ഡ്രൂസസ് ജർമാനിക്കിന്റെ അർദ്ധകായ ശിൽപമായിരുന്നു അത്.
കൂടുതൽ അന്വേഷണത്തിൽ ജർമ്മനിയിലെ ഒരു കലാ മ്യൂസിയത്തിൽ സ്ഥാപിച്ചിരുന്നതായിരുന്നു ഇതെന്ന് മനസിലായി. രണ്ടാംലോക മഹായുദ്ധ സമയത്ത് ഒരു സൈനികൻ ഇത് അമേരിക്കയിലേക്ക് കൊണ്ടുവന്നു. വൈകാതെ ശിൽപം സാൻ അന്റോണിയോ മ്യൂസിയത്തിന് കൈമാറാൻ ഒരുങ്ങിയിരിക്കുകയാണ് ലോറ.