kk

സിംഗപ്പൂർ: ബോളിവുഡ് ചിത്രം 'ദ കാശ്മീർ ഫയൽസി'ന് സംഗപ്പൂരിൽ നിരോധനം. ചിത്രം നാട്ടിലെ മതസൗഹാർദം തകർക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗപ്പൂർ വാർത്താ വിനിമയ മന്ത്രാലയത്തിനു കീഴിലുള്ള ഇൻഫോകോം മീഡിയ ഡെവലപ്‌മെന്റ് അതോറിട്ടി (ഐ.എം.ഡി.എ) വിലക്കേർപ്പെടുത്തിയത്. ആഭ്യന്തര, സാംസ്‌കാരിക-യുവജന മന്ത്രാലയങ്ങളുമായി ചർച്ച നടത്തിയ ശേഷമാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന് ഐ.എം.ഡി.എ അറിയിച്ചു.

സിംഗപ്പൂരിലെ ഏതെങ്കിലും മത, സാമൂഹികവിഭാഗങ്ങളെ വംശീയമായി അവഹേളിക്കുന്ന ചിത്രങ്ങൾക്ക് പ്രദർശനാനുമതി നൽകില്ലെന്ന് ഫിലിം ക്ലാസിഫിക്കേഷൻ മാർഗനിർദേശങ്ങളിൽ പറയുന്നുണ്ട്. വിവിധ സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്താൻ പോന്നതാണ് ചിത്രം. സിംഗപ്പൂരിലെ ബഹുമത സമൂഹത്തിൽ നിലനിൽക്കുന്ന മതസൗഹാർദവും സാമൂഹിക അഖണ്ഡതയും തകർക്കുന്നതാണിത്-ഐ.എം.ഡി.എ സൂചിപ്പിക്കുന്നു.

വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രമായ 'ദി കാശ്മീർ ഫയൽസ്; കാശ്മീരിൽനിന്ന് പലായനം ചെയ്യേണ്ടിവന്ന ഹിന്ദു പണ്ഡിറ്റുകളുടെ കഥയാണ് ചിത്രത്തിന്റെ ഉള്ളടക്കം. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ വിനോദ നികുതി ഒഴിവാക്കിക്കൊടുത്തും മറ്റും ചിത്രത്തിന് വലിയ പിന്തുണയും നൽകിയിരുന്നു. അനുപം ഖേർ, മിഥുൻ ചക്രവർത്തി എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.