panic

മലപ്പുറത്ത് സമസ്‌തയുടെ പരിപാടിയിൽ പത്താംക്ളാസ് പാസായ വിദ്യാർത്ഥിനിയെ പൊതുവേദിയിൽ ക്ഷണിച്ചതിന് സംഘാടകരെ ശാസിച്ച സമസ്‌തയുടെ മുതിർന്ന നേതാവിന്റെ വീ‌ഡിയോ വൈറലായിരുന്നു. സമസ്‌ത മുതിർന്ന നേതാവ് എം.ടി അബ്‌ദുള‌ള മുസലിയാർ രാമപുരം പാതിരമണ്ണിലെ പരിപാടിയിലാണ് സമസ്‌ത സംഘാടകരെ പരസ്യമായി മൈക്കിലൂടെ ശാസിച്ചത്. ഇതിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ വലിയ വിമ‌ർശനമാണ് ഉണ്ടായത്. ഈ സംഭവത്തിൽ ട്രോളുമായി എത്തുകയാണ് ശ്രീജിത്ത് പണിക്കർ. സമൂഹമാദ്ധ്യമ പോസ്‌റ്റിലാണ് അദ്ദേഹം ട്രോളിയത്.

പത്താംക്ളാസിലെ കുട്ടിയെ പൊതുവേദിയിൽ ക്ഷണിച്ചാൽ കാണിച്ചുതരാമെന്ന് ഒരു ചേട്ടൻ, സാംസ്‌കാരിക നായകരുടെ അണ്ണാക്കിൽ പതിവുപോലെ നേന്ത്രപ്പഴം, അമ്പലത്തിലെ ഡാൻസ് ആയിരുന്നെങ്കിൽ ഒരുകൈ നോക്കാമായിരുന്നെന്ന് പുരോഗമന പ്രസ്ഥാനം, നവോത്ഥാനം പൂത്തുലയട്ടെ എന്നാണ് പണിക്കർ പോസ്‌റ്റിൽ കുറിച്ചത്.

ശ്രീജിത്ത് പണിക്കരുടെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂർണരൂപം ചുവടെ:

പത്താം ക്ലാസിലെ കുട്ടിയെ പൊതുവേദിയിലേക്ക് ക്ഷണിച്ചാൽ കാണിച്ചുതരാം കേട്ടോ എന്നൊരു ചേട്ടൻ. എന്നിട്ടെന്തായി?

സാംസ്‌കാരിക നായകരുടെ അണ്ണാക്കിൽ പതിവുപോലെ നേന്ത്രപ്പഴം.

വല്ല അമ്പലത്തിലെയും ഡാൻസ് ആയിരുന്നെങ്കിൽ ഒരുകൈ നോക്കാമായിരുന്നെന്ന് പുരോഗമന പ്രസ്ഥാനം.

വേദിയിലെ രാഷ്ട്രീയക്കാരന് നാക്കില്ല; പാൽപ്പുഞ്ചിരി മാത്രം.

ദോഷം പറയരുതല്ലോ, കൂട്ടത്തിൽ എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത് അനൗൺസർ ചേട്ടനെയാണ്. വേദിയിലേക്ക് സാദരം ക്ഷണിച്ചശേഷം 'ഞാനല്ല വിളിച്ചത്' എന്നു മൊഴിഞ്ഞ ആ ചേട്ടൻ ഏതു സാഹചര്യത്തിലും നമ്പാവുന്ന പത്തരമാറ്റ് തങ്കമാണ്.

എന്തായാലും നവോത്ഥാനം പൂത്തുലയട്ടെ. തൽക്കാലം പൊതുവേദികളിൽ പൂത്തുലയണ്ട എന്നുമാത്രം. ആരെങ്കിലും പോട്ടം എടുത്താലോ.