bitcoin

ന്യൂഡൽഹി: ക്രിപ്‌റ്റോകറൻസികളിൽ ഏറ്റവും സ്വീകാര്യതയുള്ള ബിറ്റ്‌കോയിന്റെ മൂല്യം ഇന്നലെ 33,400 ഡോളറിലേക്ക് കൂപ്പുകുത്തി. കഴിഞ്ഞ നവംബറിൽ രേഖപ്പെടുത്തിയ എക്കാലത്തെയും ഉയരമായ 67,566 ഡോളറിൽ നിന്ന് മൂല്യം ഇടിഞ്ഞത് 50 ശതമാനം.

കൊവിഡ് കാലത്തേതിന് സമാനമായി ആഗോള സമ്പദ്‌രംഗം കിതയ്ക്കുമെന്ന ഭീതി, ഉയരുന്ന നാണയപ്പെരുപ്പം, പലിശഭാരം എന്നിവയാണ് ക്രിപ്‌റ്റോകറൻസികളിൽ നിന്ന് പിന്മാറാൻ നിക്ഷേപകരെ പ്രേരിപ്പിക്കുന്നത്.

2021ന്റെ അവസാനകാലത്ത് മൊത്തം ക്രിപ്‌റ്റോകറൻസി മൂല്യം 3.15 ലക്ഷം കോടി ഡോളറായിരുന്നത് ഇപ്പോൾ 50 ശതമാനത്തിലേറെ ഇടിഞ്ഞ് 1.51 ലക്ഷം കോടി ഡോളറായിട്ടുണ്ട്. മൂല്യമിടിഞ്ഞെങ്കിലും ഇപ്പോഴും ക്രിപ്‌റ്റോകറൻസികളിൽ 41.64 ശതമാനം വിപണിവിഹിതവുമായി ബിറ്റ്‌കോയിൻ അപ്രമാദിത്തം തുടരുകയാണ്.

മറ്റൊരു ക്രിപ്‌റ്റോയായ എഥറിയത്തിന്റെ മൂല്യം 2.90 ശതമാനം ഇടിഞ്ഞ് 2,461 ഡോളറായി. ബി.എൻ.ബി., സോലാന, എക്‌സ്.ആർ.പി റിപ്പിൾ, ടെറാ ല്യൂണ തുടങ്ങിയവയും വൻ നഷ്‌ടം നേരിട്ടു.