ksrtc

തിരുവനന്തപുരം : എന്ന് കിട്ടും ശമ്പളം! പരസ്പരം ചോദിച്ച് കൈമലർത്തുകയാണ് കെ എസ് ആർ ടി സി ജീവനക്കാർ. കൃത്യമായ മറുപടി നൽകാൻ മാനേജ്‌മെന്റിനും കഴിയുന്നില്ല. കൃത്യസമയത്ത് ശമ്പളം നൽകാത്ത മാനേജ്‌മെന്റിനോടുള്ള പ്രതിഷേധ സൂചനയായി മേയ് ആറിന് സൂചനാ പണിമുടക്ക് നടത്തി നാല് ദിവസം കഴിഞ്ഞിട്ടും കെ എസ് ആർ ടി സി ജീവനക്കാർക്ക് ശമ്പളം ലഭിച്ചില്ല. ശമ്പള വിതരണത്തിനായുള്ള സർക്കാർ സഹായമായ മുപ്പത് കോടി ഇന്നലെ കിട്ടിയിട്ടും ജീവനക്കാർക്കുള്ള ശമ്പളം മുടങ്ങുകയാണ്. ബാക്കി തുക മാനേജ്‌മെന്റിന്റെ കൈയിൽ ഇല്ലാത്തതാണ് കാരണം.

കഴിഞ്ഞ മാസത്തേത് പോലെ അമ്പത് കോടിയോളം രൂപ ബാങ്കുകളിൽ നിന്നും വായ്പ എടുക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസം സഹകരണ സ്ഥാപനങ്ങളെയടക്കം ഇതിനായി കെ എസ് ആർ ടി സി മാനേജ്‌മെന്റ് സമീപിച്ചെങ്കിലും വായ്പ നൽകാൻ സ്ഥാപനങ്ങൾ തയ്യാറായില്ലെന്നാണ് ലഭിക്കുന്ന വിവരം. മേയ് ആറിന് നടത്തിയ സൂചനാപണിമുടക്ക് ഒഴിവാക്കാൻ ഗതാഗത മന്ത്രി നടത്തിയ മദ്ധ്യസ്ഥ ചർച്ചയിൽ പത്താം തീയതിക്കകം ശമ്പളം നൽകാമെന്ന വാഗ്ദ്ധാനമാണ് നൽകിയത്. എന്നാൽ ഇത് ചെവിക്കൊള്ളാതെ ബി എം എസ്, ഐ എൻ ടി യു സി യൂണിയനുകൾ സമരവുമായി മുന്നോട്ട് പോയതോടെ ശന്പള പ്രശ്നത്തിൽ നിന്നം മന്ത്രി പിന്മാറുകയായിരുന്നു. പണിമുടക്കിൽ കെ എസ് ആർ ടി സി ക്ക് അഞ്ച് കോടിയുടെ നഷ്ടമാണ് ഉണ്ടായത്. അതേസമയം ഇന്നു രാത്രിയ്ക്കകം ശമ്പളം ലഭിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ നടപടികളിലേക്ക് കടക്കാനാണ് യൂണിയനുകളുടെ തീരുമാനം.