pak-hindu

ന്യൂഡൽഹി: ഇന്ത്യൻ പൗരത്വം പ്രതീക്ഷിച്ച് രാജ്യം വിട്ടെത്തിയ എണ്ണൂറോളം പാക് ഹിന്ദുക്കളെ കേന്ദ്ര സർക്കാർ വഞ്ചിച്ചെന്ന് ഭാരതീയ ജനതാ പാർട്ടി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാതെ കേന്ദ്രം തുടരുന്ന നിഷ്‌ക്രിയത്വം നിമിത്തമാണ് പാക് ഹിന്ദുക്കൾക്ക് തിരികെ പോകേണ്ടി വന്നതെന്ന് അദ്ദേഹം ആരോപിച്ചു. 'ഹൃദയം തകർന്നാണ്' ഹിന്ദുക്കൾ പാകിസ്ഥാനിലേക്ക് മടങ്ങിയതെന്ന് സ്വാമി ട്വീറ്റ് ചെയ്തു.

'പാക് സർക്കാരിന്റെ മനുഷ്യാവകാശ ലംഘനത്തിന് ഇരയായ ഹിന്ദുക്കൾ, ഇന്ത്യൻ പൗരന്മാരാകുമെന്ന് പ്രതീക്ഷിച്ച് ഇന്ത്യയിലേക്ക് രക്ഷപ്പെട്ടവരിൽ 800 ഓളം പേർ സിഎഎയിൽ മോദി സർക്കാർ നടപടിയെടുക്കാത്തതിനാൽ വഞ്ചിക്കപ്പെട്ടത് എന്തൊരു ലജ്ജാകരമാണ്. ഹൃദയം തകർന്ന് അവർ പാകിസ്ഥാനിലേക്ക് മടങ്ങി,' സുബ്രഹ്മണ്യൻ സ്വാമി
ട്വീറ്റിൽ പറയുന്നു.

What a shame for our BJP Union Government that Hindu victims of human rights violation by Pak Govt, about 800 of those who had escaped to India, hoping to become Indian citizens have been betrayed by non action of Modi Govt on CAA, and so have gone back heartbroken to Pakistan.

— Subramanian Swamy (@Swamy39) May 9, 2022

പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലെത്തിയ 800 ഹിന്ദുക്കൾ തിരിച്ചെത്തിയതായി പാകിസ്ഥാൻ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സീമന്ത് ലോക് സംഗതൻ അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് സ്വാമി മോദി സർക്കാരിനെതിരെ സ്വരം കടുപ്പിച്ചത്. അതേസമയം രാജ്യം കൊവിഡ് മുക്തമാവുന്നതോടെ സിഎഎ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് രാജ്യസഭയിൽ സി എ എ കുറിച്ചുള്ള നയം വ്യക്തമാക്കിയത്. നിലവിൽ പൗരത്വത്തിനായുള്ള 10,635 അപേക്ഷകൾ സർക്കാരിന്റെ പരിഗണനയിലുണ്ട്. ഇതിൽ 7,306 പേർ പാകിസ്ഥാനിൽ നിന്നുള്ളവരാണ്.

പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ സമുദായങ്ങളിൽപ്പെട്ടവർക്ക് ഇന്ത്യൻ പൗരൻമാരാകുന്നതിനുള്ള നടപടികൾ സുഗമമാക്കുന്നതാണ് പൗരത്വ ഭേദഗതി നിയമം.