mohali-blast

ചണ്ഡീഗഡ്: പഞ്ചാബ് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗ ഓഫീസിൽ നടന്ന സ്ഫോടനത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന ഗ്രനേഡല്ലെന്നും റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് (ആർ പി ജി) ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഇത് ഏകദേശം 80 മീറ്റർ മാത്രം അകലെ നിന്ന് തൊടുത്തതാകാനാണ് സാദ്ധ്യതയെന്നാണ് പൊലീസ് പറയുന്നത്.

കാറിലെത്തിയ രണ്ട് പേരാണ് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ സ്ഫോടനം നടത്തിയതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ കനത്ത നാശനഷ്ടമുണ്ടായെങ്കിലും ആളപായമില്ല.

രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും പൊലീസും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികെയാണ്. സ്ഫോടനത്തിന് ഉപയോഗിച്ച ആയുധം പാകിസ്ഥാനിൽ നിന്ന് ഡ്രോണുകൾ ഉപയോഗിച്ചായിരിക്കാം ഇവിടെയെത്തിച്ചതെന്നാണ് ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി പാകിസ്ഥാനിൽ നിന്ന് ഡ്രോണുകളുപയോഗിച്ച് പഞ്ചാബിലേക്ക് ആയുധങ്ങളും സ്ഫോടക വസ്തുക്കളും എത്തിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

ഇന്നലെ രാത്രി 7.45 ഓടെയായിരുന്നു സ്ഫോടനം നടന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഫോറൻസിക് വിദഗ്‌ദ്ധരും പരിശോധനകൾ നടത്തുകയാണ്.

അതേ സമയം പഞ്ചാബിന്റെ സമാധാന അന്തരീക്ഷം നശിപ്പിക്കാൻ ശ്രമിച്ചവരെ വെറുതെ വിടില്ലെന്ന് മുഖ്യമന്ത്രി ഭഗവന്ത് മൻ പ്രതികരിച്ചു.