
കേരള ഗെയിംസിനോടനുബന്ധിച്ച് വീവേഴ്സ് വില്ലേജ് സംഘടിപ്പിച്ച കൈത്തറി വസ്ത്രങ്ങളുടെ ഫാഷൻ ഷോയിൽ പാർവതി ജയറാം പങ്കെടുത്ത ചിത്രങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ നിറഞ്ഞോടിയിരുന്നു. എന്നാൽ, പാർവതി മാത്രമായിരുന്നില്ല മകൾ മാളവികയും ഷോയിൽ തിളങ്ങിയതിന്റെ ചിത്രങ്ങൾ പിന്നാലെ പുറത്തുവന്നിരുന്നു.
ഇപ്പോഴിതാ ഇരുവരുടെയും ചിത്രങ്ങൾക്കൊപ്പം ജയറാം പങ്കുവച്ച മനോഹരമായ കുറിപ്പാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. എന്റെ ജീവിതത്തിലെ രണ്ട് സ്ത്രീകൾ തിളങ്ങുന്നത് കാണുന്നതിൽ അഭിമാനിക്കുന്നുവെന്നാണ് പാർവതിയുടെ മാളവികയുടെയും ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് അദ്ദേഹം കുറിച്ചത്.
ഏറെ നാളുകൾക്ക് ശേഷമാണ് പാർവതിയെ മലയാളികൾ പൊതുവേദിയിൽ കാണുന്നത്. ഗോൾഡൻ സ്ട്രിപ്പ് ഡിസൈനിലുള്ള കൈത്തറി സാരിയിൽ അതീവസുന്ദരിയായിട്ടാണ് പാർവതി റാംപിൽ ചുവട് വച്ചത്. സാരിക്കൊപ്പം ആനയുടെ ചിത്രം ഡിസൈൻ ചെയ്തിരിക്കുന്ന കറുത്ത ബ്ലൗസാണ് മാച്ച് ചെയ്തിരിക്കുന്നത്.
അതേ ഡിസൈനിലുള്ള ദുപ്പട്ടയും പെയർ ചെയ്തിട്ടുണ്ട്. ഇടതു ഭാഗത്ത് സാരിക്കൊപ്പം ചുറ്റിയ ശേഷം വലതു കൈയിലേക്കാണ് ദുപ്പട്ട സ്റ്റൈൽ ചെയ്തിരിക്കുന്നത്. റാംപിലേക്കുള്ള പാർവതിയുടെ എൻട്രിയെ വൻകരഘോഷത്തോടെയാണ് ആരാധകർ സ്വീകരിച്ചത്.